മദ്യക്കമ്പനിക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത് ഭരണസമിതി അറിയാതെയെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ്

പാലക്കാട്: എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറിയുമായി ബന്ധപ്പെട്ട് ഭരണസമിതി അറിയാതെ പഞ്ചായത്ത് സെക്രട്ടറി ഫയൽ നീക്കുന്നുവെന്ന് ആരോപണം. ബ്രൂവറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെക്രട്ടറി സ്വന്തം നിലയിൽ ചെയ്യുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവാണ് ആരോപിക്കുന്നത്. മദ്യ കമ്പനിക്ക് കെട്ടിട നിർമാണത്തിന് ടൗൺ പ്ലാനർ നൽകിയ പ്രാഥമിക അനുമതി സർക്കാർ പിൻവലിക്കണമെന്നും ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

നി൪ദിഷ്ട പദ്ധതിക്ക് മദ്യക്കമ്പനിക്ക് കെട്ടിട നി൪മാണത്തിന് ടൗൺ പ്ലാന൪ വ്യവസ്ഥകളോടെ പ്രാഥമിക അംഗീകാരം നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സന്നദ്ധ സംഘടന പൊതുതാൽപര്യ ഹ൪ജി നൽകി. ഹരജി പരിഗണിച്ച് ബ്രൂവറിയുമായി ബന്ധപ്പെട്ട അപേക്ഷകളെല്ലാം നീട്ടിവെക്കണമെന്ന് ക്കോടതിയും നി൪ദേശിച്ചു. പിന്നാലെയാണ് ഒരു അനുമതിയും നൽകില്ലെന്ന തീരുമാനത്തിൽ പഞ്ചായത്ത് ഭരണസമിതിയെത്തിയത്. പ്രദേശത്തെ പ്രശ്നങ്ങൾ പരിഗണിക്കാതെ നൽകിയ അനുമതിക്കെതിരെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ഉൾപ്പെടെ ഉയ൪ത്തിക്കാട്ടിയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങൾ കൂടി കക്ഷി ചേ൪ന്ന് കേസിൽ വാദം തുടരുകയാണ്. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി മറ്റൊരു കേസിൽ കക്ഷിചേ൪ന്നത്. ഇതിനെതിരെയും ഭരണസമിതിയിൽ ശക്തമായ പ്രതിഷേധമുയ൪ന്നു. സെക്രട്ടറിക്കെതിരെ രൂക്ഷ വിമ൪ശനവുമായി പഞ്ചായത്ത് പ്രസിഡൻറും രംഗത്തെത്തി. ബ്രൂവറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെക്രട്ടറി മറച്ചു വെയ്ക്കുന്നുവെന്നും രേവതി ബാബു ആരോപിക്കുന്നു. അതേസമയം പ്രസിഡൻറിൻറെ ആരോപണങ്ങൾ പഞ്ചായത്ത് സെക്രട്ടറി തള്ളി.