കൊല്ലം: 'പുതുജീവന്‍' മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നടപടിയുമായി പായിപ്പാട് പഞ്ചായത്തും. കെട്ടിടത്തിനുള്ള ശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്ഥാപനത്തിന്‍റെ ഡയറക്ടർ വി.സി ജോസഫിനോട് തിങ്കളാഴ്ച ഹാജരാകാൻ പായിപ്പാട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി കെട്ടിടം നിർമ്മിച്ചത് സംബന്ധിച്ച് സ്ഥാപനത്തിന്‍റെ വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇത്. 

ചങ്ങനാശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത് മെന്‍റൽ ഹെൽത്ത് അതോറിറ്റിയുടെ അനുമതി ഇല്ലാതെന്ന്  നേരത്തെ കണ്ടെത്തിയിരുന്നു. കോട്ടയം എഡിഎം നടത്തിയ പരിശോധനയിലാണ്  കണ്ടെത്തൽ. സ്ഥാപനത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്നും ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുതര നിയമലംഘനങ്ങളാണ് എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥാപനത്തിന് മെന്‍റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016 മുതൽ 2021 വരെ പ്രവർത്തിക്കുന്നതിന് സംസ്ഥാന മെന്‍റൽ ഹെൽത്ത് അതോറിറ്റി അനുമതി നൽകിയിരുന്നു. സ്ഥാപനത്തെപ്പറ്റി പരാതികൾ ഉയർന്നതിനാൽ 2019 ൽ ഇത് റദ്ദാക്കി. പഴയ അനുമതിയുടെ പകർപ്പ് കാണിച്ചാണ് പിന്നീടിങ്ങോട് പ്രവർത്തിച്ചിരുന്നത്.

ചികിത്സയിലുണ്ടായിരുന്ന 33 പേർ മരിച്ചത് അമിത മരുന്ന് ഉപയോഗം മൂലമാണോ എന്ന് കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്തേവാസികളെ പാർപ്പിച്ചിരിക്കുന്നതെന്നും സ്ഥാപനം നടത്തുന്ന പരിസര മലിനീകരണത്തെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്.എഡിഎം സമർപ്പിച്ച റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറും.