പാലക്കാട്/പത്തനംതിട്ട: ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട്, പന്തളം നഗരസഭകളിൽ പാർട്ടിയിലെ തർക്കം മൂലം അവസാന നിമിഷത്തിലാണ് അധ്യക്ഷൻമാരെ തീരുമാനിച്ചത്. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് പാലക്കാട് കെ പ്രിയയെയും പന്തളത്ത് ജനറൽ സീറ്റിൽ വനിത അംഗം സുശീല സന്തോഷിനേയും അധ്യക്ഷമാരായി തെരഞ്ഞെടുക്കുകയായിരുന്നു. 

ഇരു നഗരസഭകളിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും അധ്യക്ഷന്റെ ചിത്രം തെളിഞ്ഞത് വോട്ടെടുപ്പിന്റെ മണിക്കൂറുകൾക്ക് മുന്പ് മാത്രമാണ്. ഭരണതുടർച്ച കിട്ടിയ പാലക്കാട് നഗരസഭയിൽ തർക്കം രൂക്ഷമായി. ഒടുവിൽ ബിജെപി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് ന‌ടന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ടി ബേബിക്കും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ അനുയായി സ്മിതേഷിനും കൂടുതൽ വോട്ട് കിട്ടി. ഒരു വിഭാഗം എതിർത്തതോടെയാണ് സമവായ സ്ഥാനാർത്ഥികളായി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയയും ഉപാധ്യക്ഷസ്ഥാനത്തേക്ക് ഇ കൃഷണകുമാറിന്റെയും പേരുകൾ നേതൃത്വം നിർദേശിച്ചത്

33 ൽ 18 സീറ്റുമായി ഭൂരിപക്ഷം നേടിയ പന്തളത്തും സമാനസ്ഥിതിയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അച്ചൻകുഞ്ഞ് ജോൺ, കെ.വി.പ്രഭ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. തർക്കം രൂക്ഷമായതോടെ പരിഹാരത്തിന്  ജില്ലാ പ്രസിഡന്റ് നേരിട്ടെത്തി. ഒടുവിൽ സമവായ സ്ഥാനാർത്ഥിയായി സുശീല സന്തോഷ് നഗരസഭയുടെ നഗരസഭ അധ്യക്ഷയായി. ഉപധ്യാക്ഷയായി യു രമ്യയും തെരഞ്ഞെടുക്കപ്പെട്ടു. ശബരിമല യുവതി പ്രവേശം വൻതോതിൽ ചർച്ചയായ പന്തളത്ത് രണ്ട് സ്ത്രീകൾ ഭരണചക്രം തിരിക്കും എന്നതാണ് കൗതുകം.