റൂറൽ എസ്പി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോക്ടര്‍മാരേയും കൂട്ടിയാണ് എസ്പി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മടങ്ങിയത്. 

കണ്ണൂർ: പാനൂർ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദൂരൂഹമരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി ഷാജ് ജോസിന് അന്വേഷണ ചുമതല നൽകി. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ഇതേ തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. റൂറൽ എസ്പി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോക്ടര്‍മാരേയും കൂട്ടിയാണ് എസ്പി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മടങ്ങിയത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ താമസിച്ചതായും പൊലീസിന് വിവരം കിട്ടി. ഇതേ ത്തുടർന്ന് കശുമാവിൻ തോട്ടത്തിന് സമീപം പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. വടകര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തുന്നത്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗദരും സ്ഥലത്തെത്തിയിട്ടുണ്ട്. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് രതീഷിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയത്. രതീഷിനെ ശ്വാസം മുട്ടിച്ചതിന്‍റെ സൂചനകളും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പരാമര്‍ശിക്കപ്പെട്ടതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്. 

ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. പ്രതിയുടെ മരണത്തിലെ ദുരുഹത പ്രത്യേകമായി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.