Asianet News MalayalamAsianet News Malayalam

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ കണ്ടെത്താൻ റെയ്‌ഡ്

അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു
Panoor Palathayi rape case police raid for accused Youth congress workers protest
Author
Panoor, First Published Apr 15, 2020, 12:02 PM IST
കണ്ണൂർ: വിവാദമായ പാനൂർ പാലത്തായി പീഡനക്കേസിൽ പ്രതി ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജനെ കണ്ടെത്താൻ പൊലീസ് റെയ്ഡ്. സംഭവത്തിൽ പ്രതിഷേധവുമായി പാനൂർ എസ്‌പി ഓഫീസിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്ക് ഡൗൺ ലംഘിച്ചതടക്കമുള്ള കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു.

പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനകത്ത് പ്രവർത്തകർ കുത്തിയിരുന്നു. അധ്യാപകനെ കണ്ടെത്താനായി നാല് ബന്ധുവീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. നാലിടങ്ങളിൽ പരിശോധ നടത്തി. പ്രതി എവിടെയെന്ന് സൂചനയില്ലെന്നും പൊലീസ് പറഞ്ഞു.

കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നുവെന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പൊലീസ് പറഞ്ഞു. 

അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർ‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Follow Us:
Download App:
  • android
  • ios