കണ്ണൂർ: പാനൂർ പോക്സോ കേസ് പ്രതി കുനിയിൽ പത്മരാജനെ നിരപരാധിത്വം തെളിയിക്കുംവരെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്നതായി ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കമ്മിറ്റി പ്രസിഡന്‍റ് പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും അധ്യാപകനുമാണ് പിടിയിലായ കുനിയിൽ പത്മരാജന്‍.

പത്മരാജന്‍ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പരാതിയുയർന്ന് ഒരുമാസത്തിന് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസിന് വ്യക്തമായത്.

മാർച്ച് 17 ന് കുട്ടിയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടാന്‍ വൈകി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് കഴിഞ്ഞ ദിവസം സഹപാഠി വെളിപ്പെടുത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസിനെതിരെ പരസ്യ വിമർശനവുമായി ആരോഗ്യമന്ത്രി അടക്കമുള്ള നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ജനരോഷം ശക്തമായതോടെയാണ് ഇന്ന് വൈകിട്ടോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.