കൊച്ചി: പന്തീരങ്കാവ് കേസില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നിലപാടാണ് എന്‍ഐഎയുടെ അപ്പീലിലൂടെ
ഭാഗികമായെങ്കിലും ഹൈക്കോടതി അംഗീകരിച്ചത്. അലന്‍ ജാമ്യത്തില്‍ തുടരുന്നതോടെ പന്തീരങ്കാവ് കേസിന്‍റെ ബാക്കി നടത്തിപ്പ് ത്വാഹയിലേക്ക് മാത്രമായി മാറുകയാണ്. എന്‍ഐഎ കോടതിയില്‍ ഉടന്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം.

പിണറായി സര്‍ക്കാര്‍ നേരിട്ട വലിയ രാഷ്ടീയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഐയും ഇടതുപക്ഷ ചേരിയിലെ പല പ്രമുഖരും സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി. അലനും ത്വാഹയ്ക്കും ജാമ്യം അനുവദിച്ചുളള എന്‍ഐഎ കോടതി വിധി കൂടി വന്നതോടെ സര്‍ക്കാര്‍ നിലപാട് പരാജയപ്പെട്ടെന്ന വാദങ്ങള്‍ക്കും ശക്തിയേറി. എന്നാല്‍ ഇവര്‍ക്കെതിരായ  യുഎപിഎ കേസ് പ്രഥമദൃഷ്യാ നിലനില്‍ക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിന്‍റെയും  എന്‍ഐഎ യുടെയും കണ്ടെത്തലുകള്‍ ഇന്ന്  ഫലത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. 

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസലിന്‍റെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങാനും നിർദ്ദേശം...

പ്രായത്തിന്‍റെ അനുകൂല്യവും മാനസികാവസ്ഥയും അലന്‍റെ ജാമ്യത്തിന് അംഗീകാരം നല്‍കിയപ്പോള്‍ കേസിന്‍റെ ഇനിയുളള നടപടികള്‍ ത്വാഹയെ കേന്ദ്രീകരിച്ചാകും. വിധി വരുമ്പോള്‍ മലപ്പുറത്ത് കെട്ടിട നിര്‍മാണ ജോലിക്കായി പോയിരിക്കുകയായിരുന്നു ത്വാഹ. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം. ദരിദ്രകുടുംബത്തില്‍ നിന്നുളള ത്വാഹയേക്കാള്‍ അലനായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ഉള്‍പ്പെടെ പിന്തുണ ലഭിച്ചത്. തോമസ് ഐസക് അടക്കമുളള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എത്തിയതും അലന്‍റെ വീട്ടില്‍ മാത്രമായിരുന്നു. എന്നാല്‍ മുമ്പ് നല്‍കിയ അതേ നിലയില്‍  നിയമസഹായം തുടര്‍ന്നും നല്‍കുമെന്നാണ് കോഴിക്കോട്ട് നേരത്തെ രൂപികരിച്ച അലന്‍ താഹ ഐക്യദാര്‍ഢ്യ സമിതിയുടെ നിലപാട്. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പടെ പരസ്പരം പോരടിക്കുന്ന സംസ്ഥാന സര്‍ക്കാരും എന്‍ഐഎയും ഒരേ ചേരിയിലായിരുന്നു എന്നതും പന്തീരങ്കാവ് കേസിന്‍റെ മാത്രം പ്രത്യേകതയാണ്.