പന്തീരങ്കാവ് പൊലീസിന്റേത് ജനകീയ പൊലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നടപടിയാണ്. നേരത്തെയും സമാനമായ അനുഭവങ്ങൾ  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. പന്തീരങ്കാവ് പൊലീസിന്റേത് ജനകീയ പൊലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നടപടിയാണ്. നേരത്തെയും സമാനമായ അനുഭവങ്ങൾ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. വിഷയത്തിൽ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. 

ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പ്രതികരിച്ചു. പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ച് പെണ്‍കുട്ടി വനിതാ കമ്മീഷന് നൽകിയ പരാതിയിലുണ്ട്. ഗുരുതര പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിര്‍ദേശിച്ചതായാണ് പരാതി. 

വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിലാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. ഗുരുതരമായ ശാരീരിക പീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടി ഇരയായത്. പെണ്‍കുട്ടിയെ ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ബോധമില്ലായിരുന്നു എന്നും ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെൺകുട്ടി പറഞ്ഞു. കുളിമുറിയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് കൊണ്ടുചെന്നതെന്ന് ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രി അധികൃതരോടു പറയുന്നത് പെണ്‍കുട്ടി കേട്ടു. മദ്യലഹരിയില്‍ ഫോണിന്റെ കേബിള്‍ കഴുത്തിലിട്ടു കുരുക്കി ഉള്‍പ്പെടെയാണ് ഭര്‍ത്താവ് രാഹുൽ പെണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചിട്ടുള്ളത്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് നൽകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. 

ശാരീരിക പീഡനത്തിന് ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനം: വനിതാ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം