തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കൈയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍ ചികിൽസയിലാണെന്നും പൊലീസ് കോടതിയെ  അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കേസ് ഡയറി അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.

അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെതിരെയും യുഎപിഎ ചുമത്തി, തിരച്ചില്‍ ശക്തമാക്കി...

അതിനിടെ പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ആവശ്യമെങ്കില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം. അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ദിവസമായി ഉസ്മാനുവേണ്ടിയുള്ള തിരച്ചിലിലാണ്.

ഉസ്മാന്‍ പലതവണ തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും പോയെന്ന് പൊലീസ്...