Asianet News MalayalamAsianet News Malayalam

'പരീക്ഷയെഴുതാന്‍ അനുവദിക്കണം'; അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയില്‍

അലനെ പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എൻഐഎ, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് തേടി.

pantheerankavu uapa case: alan shuhaib request high court for  attening university exam
Author
Kochi, First Published Feb 14, 2020, 12:09 PM IST

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. 'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. 

അലന് പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എൻഐഎ, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് തേടി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഇത് പരിഗണിച്ച ശേഷം കോടതി അലന്‍റെ ഹര്‍ജിയില്‍ വിധി പറയും. അതേ സമയം യുഎപിഎ കേസില്‍ പ്രതികളായ അലൻ ഷുഹൈബിന്റേയും താഹയുടേയും റിമാന്റ് കാലാവധി കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. 

കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

സിപിഎം പ്രവർത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് യുഎപിഎചുമത്തപ്പെട്ട് അറസ്റ്റിലാവുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങൾ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാൻ എന്നയാളുമായി ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോൾ മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഇരുവടെ അറസ്റ്റ് കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. 

Follow Us:
Download App:
  • android
  • ios