കൊച്ചി: പന്തീരാങ്കാവ് യുഎപിഎകേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡിയിൽ ഉപദ്രവിച്ചെന്ന് അലനും ചികിത്സാ സൗകര്യം ഒരുക്കിയില്ലെന്ന് താഹയും പ്രതികരിച്ചു. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്ന് അലൻ ആവശ്യപ്പെട്ടു.

ഇന്നലെ അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനെയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു

താഹയുടെയും അലന്‍റേയും വീട് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം  സന്ദര്‍ശിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് അലന്‍റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. യുഎപിഎ കേസ് നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അലന്‍റേയും താഹയുടേയും കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ കാരണം സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണെന്നും അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.