Asianet News MalayalamAsianet News Malayalam

അറ്റകുറ്റപ്പണി: പാലാരിവട്ടം മേല്‍പ്പാലം ഒരു മാസത്തേക്ക് അടച്ചു

ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപണികൾക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂ‌ർണമായും നിർത്തിവെച്ചാണ് പണികൾ നടക്കുന്നത്.

paraivattom fly over closed for a month
Author
Kochi, First Published May 2, 2019, 9:59 AM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റ പണികൾക്കായി അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തി വെയ്ക്കുന്നത്. അതേസമയം മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തെ ബലക്ഷക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപണികൾക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂ‌ർണമായും നിർത്തിവെച്ചാണ് പണികൾ നടക്കുന്നത്. 52 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന് രണ്ടര വർഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ ഗുരിതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

നിർമ്മാണ ചെലവ് കുറയ്ക്കാൻ കരാറുകാരും കന്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിർമാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിലവിൽ എക്സ്പാൻഷൻ ജോയിന്റും ബെയറിംഗും പുനസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. നിർമാണം നടത്തിയ ആ‌ർഡിഎസ് കൺസ്ട്രഷൻസിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. സ്കൂൾ തുറക്കുന്നതിന് മുന്പ് പണികൾ പൂർത്തിയാക്കി ജൂൺ ഒന്നിന് പാലം തുറന്ന് നൽകാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios