2024 ലെ വലിയ തമാശ; എനിക്കല്ല, ആഭ്യന്തരമന്ത്രിക്കും പൊലീസിനുമാണ് റിബേഷ് നോട്ടീസ് അയക്കേണ്ടത്: പാറക്കൽ അബ്ദുള്ള
'പൊലീസ് കോടതിയിൽ കൊടുത്ത അഫിഡബിറ്റിലാണ് റിബേഷിന്‍റെ പേരുള്ളത്. കോടതിയിൽ പൊലീസ് കൊടുത്ത അഫിഡബിറ്റിൽ പറഞ്ഞതിൽ കൂടുതൽ ഒരു കാര്യവും താൻ ഫേസ്ബുക്കിൽ എഴുതിയിട്ടില്ല'
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള രംഗത്തെത്തി. 3 ദിവസമല്ല, എത്ര ദിവസമെടുത്താലും മറുപടി അർഹിക്കാത്ത ഒരു വക്കീൽ നോട്ടീസാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും 2024 ലെ വലിയ തമാശയാണ് റിബേഷിന്‍റെ വക്കീൽ നോട്ടീസെന്നുമാണ് പാറക്കൽ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രതികരിച്ചത്.
താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സി പി എമ്മിന്‍റെ ഇത്തരം ഒരുപാട് ഭീഷണി നേരിട്ടിട്ടുണ്ടെന്നും അബ്ദുള്ള പറഞ്ഞു. റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടത് തനിക്കല്ലെന്നും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദം അന്വേഷിച്ച വടകരയിലെ പൊലീസിനുമാണെന്നും അബ്ദുള്ള വിവരിച്ചു. കാരണം പൊലീസ് കോടതിയിൽ കൊടുത്ത അഫിഡബിറ്റിലാണ് റിബേഷിന്‍റെ പേരുള്ളത്. കോടതിയിൽ പൊലീസ് കൊടുത്ത അഫിഡബിറ്റിൽ പറഞ്ഞതിൽ കൂടുതൽ ഒരു കാര്യവും താൻ ഫേസ്ബുക്കിൽ എഴുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഫിർ പ്രചരണത്തിന്‍റെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ കാസിമിനെയാണ് ഇക്കൂട്ടർ വേട്ടയാടിയത്. ലീഗ് പ്രവർത്തകനെ വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വമുള്ള ശ്രമമാണ് ഇവർ നടത്തിയത്. വടകരയിലെ ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലിനെക്കൊണ്ടാണ് തനിക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് തന്നെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും ആസൂത്രണം ചെയ്തുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നും പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.
വക്കീൽ നോട്ടീസിൽ റിബേഷ് പറയുന്നത്
വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. ആയതിനാൽ പാറക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. 'കാഫിർ' സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമായി. ഈ ഫേസ്ബുക്ക് പോസ്റ്റ് കാരണം തന്നെ ആളുകൾ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പോകുമ്പോൾ ആളുകൾ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീൽ നോട്ടീസിൽ വിവരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം
അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽ റാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നിൽക്കുന്ന ഈ ചരടിന്റെ അറ്റം വെളിയിൽ വരും വരെ നോ കോംപ്രമൈസ്..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം