വിദേശത്തു നിന്നുള്ള ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ലോക്കൽ കോളുകളാക്കുന്ന സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് അറസ്റ്റിലായ തൃക്കാക്കര സ്വദേശി നജീബിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു.
കൊച്ചി: കൊച്ചി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ച് വന്ന സാമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ്. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് തൃക്കാക്കര എസി ജിജിമോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ തൃക്കാക്കര സ്വദേശി നജീബിനെ ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.
അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്ന സമാന്തര എക്സ്ചേഞ്ച് നഗരത്തിൽ കണ്ടെത്തിയ സംഭവം പൊലീസ് പ്രാധാന്യത്തോടെയാണ് അന്വേഷിക്കുന്നത്. വിദേശത്തു നിന്നുള്ള ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ലോക്കൽ കോളുകളാക്കുന്ന സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് അറസ്റ്റിലായ തൃക്കാക്കര സ്വദേശി നജീബിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. നിയമ വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് നജീബിന് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എക്സ്ചേഞ്ച് നടത്തുന്നതിനായി വണ്ണപ്പുറം കാളിയാർ സ്വദേശി കുഴിമണ്ഡപത്തിൽ മുഹമ്മദ് റസൽ മുറി വാടകക്ക് എടുക്കുകയായിരുന്നു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തൃക്കാക്കരക്കൊപ്പം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും എക്സ്ചേഞ്ച് നടത്തിയിരുന്നത് റസൽ തന്നെയാണ്. സെപ്റ്റംബർ മുതൽ തൃക്കാക്കരിയിൽ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായി ടെലികോം വകുപ്പാണ് കണ്ടെത്തിയത്.
