ശരീരം തളർന്ന ഭർത്താവിന് മൂന്നു നേരം ഭക്ഷണം നൽകാൻ പോലും പാടുപെടുകയാണ് ഓമന.
പാലക്കാട്: ആകെയുള്ള വീട് കാറ്റിലും മഴയിലും തകർന്നു വീണതോടെ താത്കാലിക ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് പാലക്കാട് പുതുപരിയാരം സ്വദേശികളായ ഓമനയും ഷൺമുഖവും. ശരീരം തളർന്ന ഭർത്താവിന് മൂന്നു നേരം ഭക്ഷണം നൽകാൻ പോലും പാടുപെടുകയാണ് ഓമന. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ വയോധികർ.
ഓമനയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ വീട് ഓലപ്പുരയായിരുന്നു. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തും ഓമനയും ഷൺമുഖവും 6 സെന്‍റ് ഭൂമിയിൽ ഓടിട്ട വീട് കെട്ടിയുണ്ടാക്കി. രണ്ട് വർഷം മുമ്പ് ചെയ്ത മഴയിൽ വീട് വീണു. ഒരു ഭാഗം തളർന്നു കിടക്കുന്ന ഭർത്താവിനെയും കൊണ്ട് ഓമന അന്ന് രാത്രി അയൽവാസികളുടെ വീടുകളിൽ അഭയം തേടി. പിന്നീടാണ് ഒറ്റമുറി ഷെഡിലേക്ക് താമസം മാറ്റിയത്.
കൊടുംവേനലിൽ ഷീറ്റ് ചുട്ടുപഴുത്താൽ അവിടെ കിടക്കാൻ പറ്റാതാകും. കിടപ്പ് മുറ്റത്തേക്ക് മാറ്റും. വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പട്ടികയിൽ 162 ആം സ്ഥാനത്താണ്. വീടിന്‍റെ ആധാരം പണയം വെച്ചെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുമുണ്ട്.

