Asianet News MalayalamAsianet News Malayalam

തൃശ്ശൂർ പൂരം: ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്

Paramekkavu devaswom approach district administration
Author
Thrissur, First Published Apr 30, 2020, 8:06 AM IST

തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ ഒരു ആനയുടെ പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോർഡ്. ജില്ലാ ഭരണകൂടത്തെ ഈ ആവശ്യവുമായി സമീപിക്കും. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. എന്നാൽ ജില്ലാ ഭരണകൂടം ഈ ആവശ്യം അംഗീകരിച്ചേക്കില്ല. ഒരാനപുറത്ത് പൂരം നടത്താൻ അനുമതി നല്‍കില്ലെന്നാണ് വിവരം.

ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്ക. രേഖാമൂലമുളള അപേക്ഷ ലഭിച്ചാല്‍ ഇതിനു മറുപടി നല്‍കും. ഇതിനിടെ ജില്ലയിൽ നിന്നുളള മന്ത്രിമാര്‍ വഴി സമ്മര്‍ദ്ദം ചെലുത്തി അനുമതി വാങ്ങാനും നീക്കം നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗൺ അടക്കം കര്‍ശന നിബന്ധനകൾ നിലനിൽക്കെ ഇത്തവണ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായാണ് നടത്തുന്നത്. ആളും ആരവവും ഇല്ലാതെയാണ് പൂരം കൊടിയേറിയത്. ഇതാദ്യമായാണ് ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് മാത്രമായി ചുരുക്കുന്നത്. 

തൃശൂര്‍ പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. പതിനൊന്നരക്കും  12 നും ഇടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി. 5 പേർ മാത്രമേ അകത്ത്  ഉണ്ടായിരുന്നുള്ളൂ.

പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പുറത്ത് പൊലീസിന്‍റെ കര്‍ശന നിരീക്ഷണവും  ഉണ്ടായിരുന്നു. പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമെ ഉണ്ടാകു. 

Follow Us:
Download App:
  • android
  • ios