Asianet News MalayalamAsianet News Malayalam

'ഹോസ്റ്റല്‍ കുളിമുറിയും അഴുക്കുചാലും കഴുകിക്കുന്നത് വിദ്യാര്‍ഥികളെക്കൊണ്ട്'; പരാതിയുമായി രക്ഷിതാക്കള്‍

ആദിവാസി പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജോലിക്ക് ജീവനക്കാരുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം പണിയെടുപ്പിക്കുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്. 

parents complaint that students are forced to clean hostel toilet
Author
Agali, First Published Jul 10, 2019, 1:41 PM IST

അഗളി: അഗളി പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധപൂർവ്വം  കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന്  രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയിൽ പൂട്ടിയിട്ടതായും ആരോപണമുണ്ട്. എന്നാൽ സംഭവം വാസ്തവ വിരുദ്ധമെന്നാണ് ഹോസ്റ്റൽ അധികൃതർ വിശദീകരിക്കുന്നത്.

ആദിവാസി പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജോലിക്ക് ജീവനക്കാരുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം പണിയെടുപ്പിക്കുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുളിമുറികൾ കഴുകൽ, അഴുക്കുചാൽ വൃത്തിയാക്കൽ, വിറക് ചുമക്കൽ എന്നിവയെല്ലാം ചെയ്യാൻ കുട്ടികൾ നിർബന്ധിതരാവുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതറിഞ്ഞ് വിവരങ്ങളന്വേഷിക്കാൻ ചെന്ന രക്ഷിതാക്കളോട് ഹോസ്റ്റൽ അധികൃ തർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. 

വിദ്യാർത്ഥിളെ അകാരണമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് രക്ഷിതാക്കൾ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങൾ ഹോസ്റ്റല്‍ അധികൃതര്‍ തളളിക്കളയുകയാണ്. അനുസരണക്കേട് കാണിച്ച കുട്ടികളെ ശാസിക്കുകമാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്നും ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്നും പ്രോജക്റ്റ് ഓഫീസർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios