കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയതെല്ലാം കളവ്, ഫോൺ കണ്ടിട്ടില്ല, കുറ്റകൃത്യം നടന്ന സ്ഥലത്തിലും മാറ്റം 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍. പൊലീസ് അന്വേഷണത്തിലെ അലംഭാവം തെളിവുകള്‍ നഷ്ടപെടാൻ കാരണമായെന്നാണ് മാതാപിതാക്കളുടെ പരാതി. സൗകര്യപ്രദമായ സമയത്തല്ല പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ വിളിപ്പിച്ചതെന്നും കാണിച്ച് എറണാകുളം പറവൂര്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി.

മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ബന്ധുവായ ഒരാള്‍ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മാതാപിതാക്കള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റപത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് പ്രധാന പരാതി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോൺ പൊലീസ് സ്റ്റേഷനില്‍ വച്ച് കാണിച്ചു കൊടുത്തെന്നും കുട്ടി തിരിച്ചറിഞ്ഞെന്നും കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്.എന്നാല്‍ കുട്ടി ഫോൺ കാണുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല. കുറ്റകൃത്യം നടന്ന സ്ഥലം കുട്ടി പറഞ്ഞതില്‍ മാറ്റം വരുത്തിയാണ് രേഖപെടുത്തിയത്.

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻഎംഎൽഎമാരെ പ്രതിചേർക്കും, ക്രൈംബ്രാഞ്ച് തീരുമാനം

അറസ്റ്റിലായ പ്രതിയെ തിരിച്ചറിയാൻ കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതും തീരെ അസൗകര്യമായ സമയത്താണെന്നും മാതാപിതാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.രാവിലെ ഏഴുമണിക്ക് തന്നെ പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചു. സ്കൂളിലേക്ക് പോകാൻ തയ്യാറായി നിന്ന കുട്ടിയെ യൂണിഫോം മാറ്റിയാണ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. ഇത് ബന്ധിമുട്ടുണ്ടാക്കി. എന്നാല്‍ കേസന്വേഷണത്തില്‍ ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്നാണ് പറവൂര്‍ പൊലീസിന്‍റെ വിശദീകരണം. കുട്ടിക്കും മാതാപിതാക്കള്‍ക്കും അസൗകര്യമില്ലാതെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും പൊലീസ് വിശദീകരിച്ചു.