Asianet News MalayalamAsianet News Malayalam

വെറുതെ ഒരു മെഡി.കോളജ്:റഫറൽ ആശുപത്രിയായി പാരിപ്പള്ളി മെഡി.കോളജ്,സൂപ്പർ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരില്ല

വൈകീട്ട് ആറ് മണിക്ക് ശേഷം സ്കാനിങ്ങ് നടത്താൻ ജീവനക്കാരുണ്ടാവില്ല. രാത്രികാലങ്ങളിൽ അത്യാഹിതമുണ്ടായി എത്തുന്നവർ സ്കാനിങ്ങിന് ആശ്രയിക്കുന്നത് പുറത്തുള്ള സ്വകാര്യ ലാബുകളെയാണ്. അപകടത്തിൽ പരിക്കേൽക്കുന്നവരെത്തിയാൽ പ്രാഥമിക ചികിത്സ നൽകി തിരുവന്തപുരത്തേക്ക് അയക്കുകയാണ് പതിവ്

Paripally Medical College Hospital functions as a referral hospital
Author
Kollam, First Published Jul 27, 2022, 7:21 AM IST

കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ (parippally medical college hospital)വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട ഗതികേടിലാണ് സാധരണക്കാരായ രോഗികൾ(patients). ദേശീയ പാതയോട് ചേർന്ന് പ്രവർത്തിക്കുന്ന അശുപത്രിയിൽ വാഹന അപകടത്തിൽപ്പെടുന്നവർക്ക് പോലും ചികിത്സ കൊടുക്കാൻ കഴിയുന്നില്ല. ആശുപത്രി വികസനം ആവശ്യപ്പെട്ട് നിരന്തര പ്രതിഷേങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല

സൂപ്പർ സ്പെഷ്യാലിറ്റി അടക്കം എല്ലാ വിഭാഗങ്ങളിലും വിദഗ്ധ ചികിൽസ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് 2016ൽ സർക്കാർ ഇ എസ് ഐ ആശുപത്രിയായിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളജ് ഏറ്റെടുത്തത്. എന്നാൽ ആറ് വർഷത്തിനിപ്പുറവും വലിയ മെച്ചമൊന്നും ആശുപത്രിയിൽ ഉണ്ടായിട്ടില്ല. ഇപ്പോഴും റഫറൽ ആശുപത്രിയായാണ് പ്രവർത്തനം

നെഫ്രോളജി, ന്യൂറോ സര്‍ജറി എന്നീ വകുപ്പുകൾ ആശുപത്രിയിൽ ഇല്ല. ഹൃദ്രോഗ വിഭാഗത്തിലുള്ളത് ഒരു ഡോക്ടർ. ഈ ഡോക്ടർക്ക് പ്രതിദിനം പരിശോധിക്കാൻ കഴിയുക പരമാവധി നാൽപ്പത് പേരെ മാത്രം. വൈകീട്ട് ആറ് മണിക്ക് ശേഷം സ്കാനിങ്ങ് നടത്താൻ ജീവനക്കാരുണ്ടാവില്ല. രാത്രികാലങ്ങളിൽ അത്യാഹിതമുണ്ടായി എത്തുന്നവർ സ്കാനിങ്ങിന് ആശ്രയിക്കുന്നത് പുറത്തുള്ള സ്വകാര്യ ലാബുകളെയാണ്. ദേശിയ പാതയിൽ നിന്ന് അഞ്ഞൂറ് മീറ്റർ പേലും ദൂരമില്ലാത്ത ആശുപത്രിയിൽ വാഹന അപകടത്തിൽ പരിക്കേൽക്കുന്നവരെത്തിയാൽ പ്രാഥമിക ചികിത്സ നൽകി തിരുവന്തപുരത്തേക്ക് അയക്കുകയാണ് പതിവ്. ആശുപത്രി വികസനത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം രാഷ്ട്രീയം കലർത്തുകയാണ് പ്രതിപക്ഷ വിമർശനം

ക്രിട്ടിക്കൽ കെയര്‍, ട്രോമ കെയര്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം ഉടൻ തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപനം. പിജി കോഴ്സുകൾ ലഭ്യമാകുന്നതോടെ ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരമാകുമെന്നും ആശുപത്രി അധികൃതർ പറയുന്നു.

സർക്കാർ ഏറ്റെടുത്തിട്ടും കരകയറാതെ പരിയാരം,ഡോക്ടർമാരില്ല,ഓപികൾ വെട്ടിച്ചുരുക്കുന്നു

സർക്കാർ ഏറ്റെടുത്ത് മൂന്ന് വർഷം കഴിയുമ്പോഴും പരിയാരം മെഡിക്കൽ കോളജ്(pariyaram medical college) ശൈശവ ദശയിൽ തന്നെയാണ്. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ(govt) ജീവനക്കാരാക്കുന്ന നടപടി ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. അതു കൊണ്ട് തന്നെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇതോടെ മുൻപ് എല്ലാ ദിവസവും ഉണ്ടായിരുന്ന പല ഒ പികളും(op) വെട്ടിച്ചുരുക്കി ആഴ്ചയിൽ രണ്ടും മൂന്നും ദിവസമാക്കി.

ഉത്തര മലബാറിൽ കാസർകോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമാവുമെന്ന പ്രതീക്ഷയിലാണ് 2019 ൽ സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയായിട്ടും ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും സ്ഥിരപ്പെടുത്തുന്ന നടപടി എങ്ങുമെത്തിയില്ല. 16 ഓഫീസ് സ്റ്റാഫുകളെയും  25 ലേറെ ഡോകടർമാരെയും ഡെപ്യൂട്ടേഷനിലും അല്ലാതെയും നിയമിക്കുക മാത്രമാണ് ആകെ ചെയ്തത്. ബാക്കി വരുന്ന 1600 ഓളം ജീവനക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കു മാ യി സമരം ചെയ്യുന്നതിനിടെ ആശുപത്രി കാര്യങ്ങൾ നടന്നു പോകുന്നുവെന്ന് മാത്രം.

സ്ഥിരപ്പെടുത്തൽ വൈകിയതോടെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇത്, എല്ലാ ദിവസവുമുണ്ടായിരുന്ന ഒപികൾ മൂന്നും നാലും ദിവസമായി വെട്ടിച്ചുരുക്കുന്നതിനിടയാക്കി.ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പലപ്പോഴും രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥ ആണ്. കൊബാൾട്ട് റൂം സൗകര്യമില്ലാത്തതിനാൽ ക്യാൻസർ ചികിത്സ മുടങ്ങിയിട്ട് രണ്ട് മാസം, മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാനാവശ്യമായ ശീതീകരണ സംവിധാനമില്ലാത്തതിനാൽ വൻതുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇതെല്ലാം കൂടി പരിതാപകരമാണ് പരിയാരം മെഡിക്കൽ കോളജിന്‍റെ അവസ്ഥ

Follow Us:
Download App:
  • android
  • ios