മധ്യവേനൽ അവധിക്കാലത്ത് ഡ്രൈവിങ് ടെസ്റ്റ് പാസായ വിദ്യാർഥികൾക്ക് പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലൈസൻസ് ലഭിക്കുന്നില്ല. എറണാകുളം ആർടി ഓഫീസിൽ മാത്രം ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ നാലായിരത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുകയാണ്, ഇത് മറ്റ് സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്.
കൊച്ചി: മധ്യവേനൽ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റിൽ വിജയിച്ച നിരവധി വിദ്യാർഥികൾക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു.

റോഡ് ടെസ്റ്റും ‘എച്ച്’ ടെസ്റ്റും വിജയിച്ചവരുടെ ഫയലുകൾ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഓഫീസിൽ സമർപ്പിച്ചാലും, സൈറ്റിലെ പ്രശ്നങ്ങൾ കാരണം ലൈസൻസിന് അംഗീകാരം നൽകാനാകുന്നില്ല. മുൻകാലത്തെ പോലെ തപാലിൽ ലൈസൻസ് അയക്കുന്ന സംവിധാനവും നിലവിലില്ല. അംഗീകാരം ലഭിച്ചാൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നാണ് നിർദേശം. എന്നാൽ പലർക്കും ലൈസൻസ് ഡൗൺലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയുണ്ട്.
എറണാകുളം ആർടി ഓഫീസിൽ മാത്രം ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ നാലായിരത്തിലധികം ഫയലുകളാണ് നടപടികൾ പൂർത്തിയാകാതെ കിടക്കുന്നത്. വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, ഉടമസ്ഥാവകാശ കൈമാറ്റം, വിലാസമാറ്റം തുടങ്ങി വിവിധ സേവനങ്ങളും സ്തംഭിച്ച നിലയിലാണ്.
അപേക്ഷകരുടെ പരാതികൾക്ക് കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കും സാധിക്കാത്ത സ്ഥിതിയാണ്. സൈറ്റ് ഉടൻ ശരിയാകുമെന്ന മറുപടിയോടെയാണ് പലരെയും തിരിച്ചയക്കുന്നത്. ആർടി ഓഫിസിൽ വെബ്സൈറ്റോ കംപ്യൂട്ടറോ തകരാറിലായാൽ ഉടൻ പരിഹരിക്കുന്നതിനായി നിയോഗിച്ചിരുന്ന 2 ടെക്നീഷ്യൻമാരെ ഏതാനും മാസം മുൻപ് പിൻവലിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായ നടപടിക്രമങ്ങളാണ് പരിവാഹൻ വെബ്സൈറ്റ് മന്ദഗതിയിലായതോടെ കൂടുതൽ രൂക്ഷമായത്.


