ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടും നാളെ ഉദ്ഘാടനം ചെയ്യും. 

മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗതാഗത വകുപ്പിന് മാവേലിക്കരയില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെയും എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ കെഎസ്ആര്‍ടിസി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നാളെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. 

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി, രക്ഷകര്‍ത്താവ് ഇനി സുരക്ഷാ കര്‍ത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടക്കുന്ന ചടങ്ങില്‍ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം വിശിഷ്ടാതിഥിയാകും. 

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ നൈനാന്‍ സി കുറ്റിശേരില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, എസ് രജനി, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍, ഡിപ്പോ എഞ്ചിനീയര്‍ ജി കിഷോര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.