കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും ഇത്തവണ കൂടുതൽ വോട്ടുകൾ പാർട്ടിക്ക് കിട്ടിയെന്നും സിപിഎം ഏരിയാസെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു
തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച കായംകുളം എംഎൽഎ യു പ്രതിഭയെ (U Prathibha) പരസ്യമായി തള്ളി സിപിഎം നേതൃത്വം. വോട്ട് ചോർച്ച ഉണ്ടായെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കണക്കുകൾ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രതിരോധിച്ചു. മുൻ വർഷത്തെക്കാൾ കൂടുതൽ വോട്ടുകൾ പ്രതിഭയ്ക്ക് കിട്ടിയെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു. എംഎൽഎയ്ക്ക് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റി, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. അതേസമയം ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതിഭ എംഎൽഎ വിവാദ തുറന്നുപറച്ചിൽ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ വോട്ട് ചോർന്നത് എങ്ങും ചർച്ചയായില്ല. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കന്മാർ പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും പ്രതിഭ പോസ്റ്റില്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് ചോർച്ച ഉണ്ടായ മണ്ഡലമാണ് കായംകുളം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ പാർട്ടി പരിശോധിച്ചപ്പോൾ, കായംകുളത്ത് അത് ഉണ്ടായില്ല. തന്നെ തോൽപ്പിക്കാൻ കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ സർവ്വസമ്മതരായി നടക്കുന്നു. തോൽപ്പിക്കാൻ മുന്നിൽ നിന്ന പ്രാദേശിക മാധ്യമപ്രവർത്തകനെ പാർട്ടി ഏരിയ കമ്മിറ്റി, താലൂക്ക് ആശുപത്രിയുടെ ഭരണസമിതിയിൽ ഉൾപ്പെടുത്തി.
എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് പ്രതിഭ അവസാനിപ്പിക്കുന്നത്. എംഎൽഎയുടെ തുറന്നുപറച്ചിലൂടെ കായംകുളത്തെ അതിശക്തമായ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. പ്രതിഭയും ഒരു വിഭാഗം പാർട്ടി നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. ഇത്തവണത്തെ പാർട്ടി സമ്മേളനത്തോടെ, ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് എംഎൽഎ പ്രതീക്ഷിച്ചിരുന്നു. അത് നടക്കാതെ പോയതിന്‍റെ വിരോധമാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് കായംകുളത്തെ എതിർചേരി പറയുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ റിവ്യൂ വേളയിലടക്കം ഒരുപരാതിയും പറയാത്ത പ്രതിഭയുടെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ കടുത്ത അച്ചടക്ക ലംഘനമായി പാർട്ടി ജില്ലാ നേതൃത്വം കാണുന്നു.
യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം
നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.
