2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ പാർവതിയുടെ വലതു കൈ നഷ്ടമാകുന്നത്.  

ആലപ്പുഴ: സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായിിരുന്നു അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ വലം കൈ നഷ്ടപ്പെട്ട പാര്‍വതി 282ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേടിയെടുത്തത്. സ്വപനങ്ങളെയും മനോധൈര്യത്തേയും തന്‍റെ ഇടത് കൈയ്യിൽ മുറുക്കിപ്പിടിച്ചുള്ള പോരാട്ടത്തിനൊടുവിൽ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. ഇടം​കൈകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു.

2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ പാർവതിയുടെ വലതു കൈ നഷ്ടമാകുന്നത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുട‍ര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി തന്‍റെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.

മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി, കേരള കേഡറിൽ ചേർന്ന പാർവതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടർ ആയി നിയമിച്ചത്. തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് പാർവതി ചുമതലയേറ്റത്. ഈ നിയമനവും പരിശീലനത്തിന്റെ ഭാഗമാണ്.

ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരുടേയും മകളാണ്. സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.