തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുളള യാത്രയ്ക്ക് പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ ചടങ്ങിന് പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസെടുക്കണമെന്നാണ് നിര്‍ദേശം. യാത്ര പോകുന്ന സംസ്ഥാനത്തിന്‍റെ പാസ് ഉണ്ടെങ്കിലേ കേരളം യാത്രാനുമതി നല്‍കൂ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

മറ്റ് സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണ്. 

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് വിവാഹ ചടങ്ങ് നടക്കുന്നതെങ്കിൽ അനുമതി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.