ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്ന ഇവർ ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കിണര്‍ പണിക്കുള്ളതെന്ന് യാത്രക്കാരിയുടെ മൊഴി. സ്ഫോടക വസ്തുക്കള്‍ കിണര്‍ പണിക്ക് ഉപയോഗിക്കാനായി തലശേരിയിലേക്ക് കൊണ്ട് പോവുകയായിരുന്നെന്നാണ് തിരുവണ്ണാമലൈ സ്വദേശിയായ രമണിയുടെ മൊഴി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘങ്ങള്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ സിആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. രമണിയുടെ സ്വദേശമായ തിരുവണ്ണാമലൈ, തലശേരി എന്നിവിടങ്ങളില്‍ വിശദ പരിശോധന നടത്തും. ചൈന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ ഡി വണ്‍ കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റിനടിയില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന് സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനില്‍ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയാണ് റെയില്‍വേ സംരക്ഷണ സേന സ്ഫോടക വസ്തു ശേഖരം കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് കേരള പൊലീസിന് കൈമാറി. രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ളവയും അന്വേഷണം നടത്തുന്നുണ്ട്.