തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല. രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കളക്ടറുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. 

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും.  ഇവര്‍ക്കായി പ്രത്യേക വാഹനങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ വരുന്നത്. ഇന്നു വൈകുന്നേരം 4 മണി മുതൽ നാളെ 8 മണി വരെയാണ് ബസുകൾ വിമാനത്താവളത്തില്‍ സർവീസ് നടത്തേണ്ടത്. വിമാനത്താവളത്തിൽനിന്ന് രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഡിഎംഒ പറയുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണം.