കൊച്ചി: മാലിദ്വീപിൽ നിന്ന് നാവികസേനാ കപ്പലിൽ കൊച്ചിയിലെത്തിയ പ്രവാസികളെ കൊച്ചി തുറമുഖത്ത് ഇറക്കി. ഇവരുടെ വൈദ്യപരിശോധന അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രേഖകളും മറ്റും പരിശോധിക്കാൻ പത്ത് കൗണ്ടറുകളിലാണ് സൗകര്യം ഒരുക്കിയത്. ശേഷം തെർമൽ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും. 

ഐഎൻഎസ് ജലാശ്വ കപ്പലിൽ 698 പേരാണ് തിരിച്ചെത്തിയത്. ഇവരിൽ 440 മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. യാത്രക്കാരിൽ 19 പേർ ഗർഭിണികളും 14 പേർ കുട്ടികളുമാണ്. 

വൈദ്യപരിശോധനയിൽ ആർക്കെങ്കിലും കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇതിനായി ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകും. ഇതിനായി കെഎസ്ആർടിസി ബസുകളും ടാക്സികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവർ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസം കഴിയേണ്ടത്.

കേരളം തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പുറമെ, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ട്. തിരിച്ചെത്തിയവരിൽ 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്. 440 ഓളം പേർ മലയാളികളും 140 ഓളം പേർ തമിഴ്‌നാട് സ്വദേശികളുമാണ്. ശേഷിച്ചവർ കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാൽ ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിച്ചത്. ഇവരിൽ 638 പേർക്കും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് മാലിയിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.