കേസില്‍ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടു. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് പൊലീസ് കണ്ടെത്തല്‍.

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 28 പേരെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടു. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് പൊലീസ് കണ്ടെത്തല്‍. 2024 ജനുവരിയിലാണ് സംഭവം. പെൺകുട്ടി പ്ലസ് ടു കാലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പ്രതി കാറിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സംഭവത്തില്‍ കൂടുതൽ കേസും അറസ്റ്റുമുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കേസിൽ നാല് പ്രതികളാണ് ഇന്ന് അറസ്റ്റിലായത്. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണ മേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. കേസിൽ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ട്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് കിട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം