അപ്രതീക്ഷിത പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടമുണ്ടായി. ഓണ വിപണി ലക്ഷ്യമിട്ട് സംഭരിച്ച സാധനസാമഗ്രികൾ പൂർണ്ണമായും നശിച്ചു.

പത്തനംതിട്ട : അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം. ഓണ വിപണി മുന്നിൽ കണ്ട് എടുത്ത സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് നശിച്ചു. റാന്നി നഗരത്തിൽ വെള്ളമൊഴിഞ്ഞതിന് പിന്നാലെ റോഡും കടകളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ്. എന്നാൽ ആറന്മുളയിൽ ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തെ അതിജീവിച്ച് ഒരുവിധം ജീവിതം തിരികെ പിടിക്കുമ്പോഴാണ് വീണ്ടും ആഘാതം ഏൽക്കുന്നത്. പമ്പയാറിൽ നിന്ന് ഇരച്ചെത്തിയ വെള്ളം നൂറുകണക്കിന് മനുഷ്യരുടെ സ്വപ്നമാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. സർക്കാർതലത്തിലെ സഹായമാണ് എല്ലാവരുടെയും ഏക പ്രതീക്ഷ.

രാവിലെ റാന്നി എംഎൽഎ പഴകുളം മധുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ടൗൺ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന് നേതൃത്വം നൽകി. സന്നദ്ധ സംഘടനകളും പാർട്ടികളും വൃത്തിയാക്കുന്നതിന് ഇറങ്ങണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. ഇതിനിടെ തുടർച്ചയായി വെള്ളം കയറുന്നതിലും മാലിന്യം നീക്കുന്നത് നാളെ സ്വന്തം നിലയിൽ ചെയ്യണമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശത്തിലും പ്രതിഷേധം ഉണ്ടായി.

ക്യാമ്പുകൾ തുറന്നെങ്കിലും ഏകോപനക്കുറവും കൃത്യസമയത്ത് ഭക്ഷണം നൽകുന്നില്ലെന്ന് പരാതിയും തർക്കത്തിന് വഴിവെച്ചു. കോഴഞ്ചേരി മേലുകര ക്യാമ്പിൽ മരുന്ന് എത്തിക്കാത്തതും പ്രതിഷേധത്തിന് കാരണമായി.

റാന്നിയിൽ നിന്നിറങ്ങിയ വെള്ളം അപ്പർ കുട്ടനാട്ടിലേക്ക് ഇറങ്ങുകയാണ്. ആറന്മുള മേഖലയിൽ ഇപ്പോഴും വെള്ള കെട്ട് നിലനിൽക്കുന്നു.രണ്ടു ദിവസമെങ്കിലും ആറന്മുള സാധാരണ നിലയിൽ ആകാൻ സമയമെടുക്കും.തിരുവല്ല മല്ലപ്പള്ളി മേഖലയിലാണ് ജില്ലയിൽ ഏറ്റവും അധികം ക്യാമ്പുകൾ തുടങ്ങിയിരിക്കുന്നത്.