Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫിനാൻസ് പൂട്ടി, എന്ത് ചെയ്യണമെന്നറിയാതെ ആയിരക്കണക്കിന് നിക്ഷേപകർ

സ്ഥാപന ഉടമ റോയി ഡാനിയലിന്‍റെ വകയാറിലെ വീടും അടച്ചിട്ട നിലയിലാണ്. അഭിഭാഷകൻ മുഖേന പത്തനംതിട്ട സബ്ബ് കോടതിയിൽ ഇയാള്‍ പാപ്പർ ഹർജി സമർപ്പിച്ചിട്ടുണ്ട്. 

Pathanamthitta Head Office Of Popular Finance Closed Owner Files Pauper Suit
Author
Pathanamthitta, First Published Aug 27, 2020, 5:05 PM IST

പത്തനംതിട്ട: നിക്ഷേപകരെ ആശങ്കയിലാക്കി പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി. പണം നഷ്ടപെട്ട നിക്ഷേപകരുടെ പരാതിയിൽ നടത്തിപ്പുകാർക്കെതിരെ കോന്നി പൊലീസ് സാമ്പത്തിക വഞ്ചന കുറ്റത്തിന് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയൽ കോടതിൽ പാപ്പർ ഹർജി നൽകി. റോയി ഡാനിയേലിനും ഭാര്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പത്തനംതിട്ട കോന്നിയിലെ വകയാ‌ർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്. കേരളത്തിലുടെ നീളം 274 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി വകയാറിലെ ആസ്ഥാനമടക്കം അടഞ്ഞ് കിടക്കുകയാണ്. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർക്ക് പണം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. തുടർന്ന് ആളുകൾ കൂട്ടമായെത്തിയതോടെയാണ് മുന്നറിയിപ്പ് ഇല്ലാതെ ആസ്ഥാനം പൂട്ടിയത്. ഇതുവരെ 300 ഓളം നിക്ഷേപകരാണ് പരാതിയുമായി കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതുവരെയുള്ള പരാതികൾ പ്രകാരം 30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപന ഉടമ റോയി ഡാനിയലിന്‍റെ വകയാറിലെ വീടും അടച്ചിട്ട നിലയിലാണ്. ഒരു മാസമായി ഇവിടെ ആരും താമസമില്ലെന്നാണ് അയൽവാസികൾ പറയുന്നത്. റോയി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോൺ നമ്പറുകളും ദിവസങ്ങളായി സ്വിച്ച് ഓഫ് ആണ്. ഇതിനിടയിലാണ് അഭിഭാഷകൻ മുഖേന റോയി ഡാനിയേൽ പത്തനംതിട്ട സബ്ബ് കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചത്. ആസ്ഥാന ഓഫീസ് പൂട്ടിയത് അറിഞ്ഞ് വിവിധ ശാഖകളിൽ ആളുകൾ പണം പിൻവലിക്കാനെത്തുന്നുണ്ടെങ്കിലും ജീവനക്കാർ അവധി പറഞ്ഞിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios