Asianet News MalayalamAsianet News Malayalam

ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യ; ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ വേഗം നൽകാൻ നീക്കം

അടിയന്തര പഞ്ചായത്ത്‌ കമ്മിറ്റിയും ഉടൻ ചേരും. സിഎസ്ആർ ഫണ്ട്‌ കൂടി സമാഹരിച്ച് കൂടുതൽ പണം കുടുംബത്തിന് നൽകാൻ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.

pathanamthitta omalloor life mission suicide moved to pay 2 lakh rupees to Gopi family as soon as possible nbu
Author
First Published Nov 13, 2023, 7:18 AM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. പദ്ധതി പ്രകാരം ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ ഹഡ്കോ വായ്പ വഴി ഉടൻ ലഭ്യമാക്കാന്‍ ആലോചന. ഇക്കാര്യം ഓമല്ലൂർ പഞ്ചായത്തിനെ ലൈഫ് മിഷൻ അധികൃതർ വിവരം അറിയിച്ചു. അടിയന്തര പഞ്ചായത്ത്‌ കമ്മിറ്റിയും ഉടൻ ചേരും. സിഎസ്ആർ ഫണ്ട്‌ കൂടി സമാഹരിച്ച് കൂടുതൽ പണം കുടുംബത്തിന് നൽകാൻ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.

ലൈഫ് പദ്ധതിയിലെ വീട് പണി പൂർത്തിയാകാത്തതിന്‍റെ മനോവിഷമത്തിലാണ് പത്തനംതിട്ട ഓമല്ലൂരിൽ ലോട്ടറി വില്പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് പണിക്കുള്ള ബാക്കി തുക കിട്ടാൻ ഗോപി പലതവണ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയെന്നും അതിന്‍റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. ഭാര്യ കിടപ്പുരോഗിയായതിനാൽ ഓമല്ലൂർ പഞ്ചായത്തിന്‍റെ ഇക്കൊല്ലത്തെ ലൈഫ് പട്ടികയിൽ ആദ്യപേരുകാരനായിരുന്നു പി. ഗോപി. ഏപ്രിൽ മാസത്തിൽ വീട് പണിതുടങ്ങി. രണ്ട് ലക്ഷം രൂപ ഇതുവരെ കിട്ടി. സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബാക്കിതുക പഞ്ചായത്ത് കൊടുത്തില്ല. പൊലീസിന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലും വീട് നിർമ്മാണം നിലച്ചതിന്‍റെ സങ്കടം ഗോപി പറയുന്നുണ്ട്. ലൈഫ് പദ്ധതിപ്രകാരമുള്ള 38 വീടുകൾ ഓമല്ലൂർ പഞ്ചായത്തിൽ മാത്രം സർക്കാർ പണം നൽകാത്തതിന്‍റെ പേരിൽ നിർമ്മാണം നിലച്ചുപോയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios