പത്തനംതിട്ട കോട്ടാങ്ങൽ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.
പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ യുവതിയെ പങ്കാളിയുടെ വീട്ടിൽ വച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നസീർ കുറ്റക്കാരൻ എന്ന് കോടതി. ശിക്ഷാ മറ്റന്നാൾ വിധിക്കും. തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീർ കേസിൽ കുറ്റക്കാരനെന്ന് പത്തനംതിട്ട ജില്ലാ അഡീഷണൽ ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു. 2019 ഡിസംബർ 15 ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനൊപ്പം, യുവതി ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. തടി വാങ്ങാൻ വന്ന നസീർ വീട്ടിൽ ആരുമില്ലെന്ന് കണ്ട് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പെരുമ്പെട്ടി പോലീസ് ജീവിതപങ്കാളിയായിരുന്ന യുവാവിനെ പ്രതിയെന്ന് സംശയിച്ച് ക്രൂരമായി തല്ലിച്ചതച്ചത് അന്ന് വിവാദമായിരുന്നു. മരിച്ച യുവതിയുടെ കഴുത്തിലുണ്ടായിരുന്ന കയറിലെ കെട്ട് ആണ് കേസിൽ നിർണ്ണായക തെളിവായത്. തടിപ്പണിക്കാർ കെട്ടുന്ന രീതി എന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി. യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കം ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വാദത്തിന് ബലംപകർന്നു.


