മാസം 60 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ നവജാത ശിശു ഡോക്ടര്‍ ഇല്ല, പീഡിയാട്രിക് ഐസിയുവോ വെന്‍റിലേറ്ററോ ഇല്ല. അഞ്ഞൂറിലേറെ രോഗികള്‍ നിത്യേനെ ഒപിയിലെത്തുമ്പോഴും ഹൃദ്രോഗ വിദഗ്ധനോ കാത് ലാബോ ഇല്ല. 54 ബെഡുകള്‍ മാത്രമുളള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കിടത്തിച്ചികില്‍സ നല്‍കേണ്ടി വരുന്നത്

അട്ടപ്പാടി: മെച്ചപ്പെട്ട ചികില്‍സയ്ക്ക് മറ്റാശുപത്രികളിലേക്ക് പോകാന്‍ ആംബുലന്‍സിനായി(ambulance) ഊഴം കാത്ത് നില്‍ക്കുന്ന ആദിവാസികളെയാണ് (adivasi)തുടര്‍ച്ചയായ രണ്ടാം ദിവസവും കോട്ടത്തറ ആശുപത്രിക്ക്(kottathara hospital) മുന്നില്‍ കണ്ടത്. ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തലസ്ഥാനത്തു നിന്നെത്തിയ ഉന്നത തല സംഘം ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഈ കാഴ്ച. വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സ് ഇല്ലാത്തതിനാല്‍ പുതൂര്‍ പഞ്ചായത്തില്‍ നിന്നുളള ആദിവാസി യുവതിയെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മണ്ണാര്‍കാട് ആശുപത്രിയിലേക്ക് അയച്ചത്.

പുതൂര്‍ പഞ്ചായത്തിലെ ചാവടിയൂരില്‍ നിന്നുളള മീന എന്ന 19കാരിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടില്‍ തലചുറ്റിവീണതിനെത്തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്. കടുത്ത ശ്വാസ തടസം കണ്ടതോടെ വെന്‍റിലേറ്റര്‍ സഹായം നല്‍കി. മെച്ചപ്പെട്ട ചികില്‍സയാക്കായി മീനയെ ഉടന്‍ മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തു. പക്ഷേ വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സില്ല. തുടര്‍ന്ന് ആംബുലന്‍സിനായുളള കാത്തിരിപ്പ്. ഒടുവില്‍ ആംബലന്‍സെത്തിയപ്പോള്‍ സമയം അഞ്ചര.

തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ 40 കീലോമീറ്റര്‍ അകലെയുളള മണ്ണാര്‍ക്കാട് എപ്പോൾഎത്തുമെന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും വ്യക്തതയില്ല.ഒരിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രഖ്യാപിക്കുകയും പിന്നീട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആയി ചുരുങ്ങുകയും ചെയ്ത കോട്ടത്തറ ആശുപത്രിയുടെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് അട്ടപ്പാടിയുടെ പുറത്തുളളവര്‍ക്ക് വേണ്ടത്ര ധാരണയില്ലെന്നതാണ് വസ്തുത. ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാരുടെ കാര്യത്തിലും നവജാത ശിശുക്കള്‍ക്കുളള വെന്‍റിലേറ്റര്‍ പോലുളള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുളള വൈദ്യുതി കണക്ഷന്‍റെ കാര്യത്തില്‍ പോലും ഇവിടെ പ്രതിസന്ധി തുടരുന്നു. 

മാസം 60 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ നവജാത ശിശു ഡോക്ടര്‍ ഇല്ല, പീഡിയാട്രിക് ഐസിയുവോ വെന്‍റിലേറ്ററോ ഇല്ല. അഞ്ഞൂറിലേറെ രോഗികള്‍ നിത്യേനെ ഒപിയിലെത്തുമ്പോഴും ഹൃദ്രോഗ വിദഗ്ധനോ കാത് ലാബോ ഇല്ല. 54 ബെഡുകള്‍ മാത്രമുളള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കിടത്തിച്ചികില്‍സ നല്‍കേണ്ടി വരുന്നത്. കിടക്കകളുടെ എണ്ണം 100 ആയി ഉയര്‍ത്തുമെന്ന് 2017ല്‍ കെകെ ശൈലജ നടത്തിയ പ്രഖ്യാപനമാകട്ടെ അട്ടപ്പാടിക്കാര്‍ക്കിന്ന് ക്രൂരമായൊരു തമാശ മാത്രം. ചുരുക്കത്തില്‍ അവശനിലയിലെത്തുന്ന ഒരു രോഗിക്ക് പ്രഥമ ശുശ്രൂഷ മാത്രം നല്‍കാന്‍ കഴിയുന്ന ഈ ആതുരാലയത്തിനാണ് അട്ടപ്പാടിയിലെ ആരോഗ്യപരിപാലനത്തിന്‍റെ മുഖ്യ ചുമതല.

ഇത്രമാത്രം പ്രധാനപ്പെട്ട ആശുപത്രിയായിട്ടും കോട്ടത്തറ ആശുപത്രിയില്‍ ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണുളളത്. ഹൈടെന്‍ഷന്‍ കണക്ഷനിലേക്ക് മാറിയെങ്കില്‍ മാത്രമെ സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുമാകൂ.