ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. മഞ്ചൽകെട്ടി കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. മഞ്ചൽകെട്ടി കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ മീൻമുട്ടിക്കുടി സ്വദേശിയായ 55 കാരി പൂമണിയെയാണ് സമീപവാസികൾ ചേർന്ന് ചുമന്ന് ആശുപത്രിയിലെത്തിച്ചത്. വളയംപാറ ഉന്നതിയിലെ ബന്ധുവീട്ടിലായിരുന്ന പൂമണി രണ്ടു ദിവസമായി വയറിളക്കം ഉണ്ടായതിനെ തുടർന്ന് അവശയായിരുന്നു. ഇതേത്തുടർന്നാണ് ഇവരെ കമ്പുകളും തുണിയും ഉപയോഗിച്ച് മഞ്ചൽകെട്ടി ചുമന്ന് സൊസൈറ്റിക്കുടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ആവശ്യമായ ചികിത്സ നൽകിയ തുടർന്ന് ക്ഷീണം മാറിയതോടെ ഇവരെ ആണ്ടവൻകുടിയിലുള്ള ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി.

വളയം കുടിയിൽ നിന്നും സൊസൈറ്റിക്കുടിയിലേക്കുള്ള മൺ റോഡ് മഴ മൂലം തകർന്നു കിടക്കുകയാണ്. ഞാവൽപാലം എന്ന ഭാഗത്ത് പാലം നിർമ്മിക്കണമെന്ന ഇടമലക്കുടിക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനും പരിഹാരമായിട്ടില്ല. വാഹനമെത്താത്തതിനാൽ രോഗിയെ കാൽനടയായി ചുമന്നുകൊണ്ടുപോകുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കൂടല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മലയപ്പനെയും സമാനമായ രീതിയിലാണ് ആശുപത്രിയിലെത്തിച്ചത്.