Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു; പരാതിയുമായി ബന്ധുക്കള്‍

എലിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിച്ച യുവാവിന് ഐസൊലേഷൻ വാർഡിൽ നിന്നും ചികിത്സ കിട്ടിയില്ലെന്നും മരണ വിവരം മറച്ചുവെച്ചു എന്നുമാണ് ബന്ധുക്കളുടെ പരാതി.

patient dies at kozhikode wife alleges medical negligence
Author
Kozhikode, First Published May 2, 2020, 8:16 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. കോഴിക്കോട് പെരുവയൽ സ്വദേശി കണ്ണൻചോത്ത് മീത്തൽ സുനിൽകുമാറിന്‍റെ മരണത്തിലാണ് ബന്ധുക്കൾ സംശയം ആരോപിച്ച് രംഗത്തെത്തിയത്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിച്ച സുനിൽകുമാറിന് ഐസൊലേഷൻ വാർഡിൽ നിന്നും ചികിത്സ കിട്ടിയില്ലെന്നും മരണ വിവരം മറച്ചുവെച്ചു എന്നുമാണ് ബന്ധുക്കളുടെ പരാതി.

ഈ മാസം 22നാണ് സുനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബന്ധുക്കളുടേത് ഉൾപ്പടെ അഞ്ച് പേരുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം ഭാര്യ നിഷയെ വീട്ടിലേക്കയച്ചു. പിന്നീട് സുനിൽ കുമാറിന്‍റെ രോഗവിവരങ്ങളറിയാൻ നിഷ പലതവണ ഡോക്ടർമാരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.

ഇതിനിടെ ഇരുപത്തിനാലാം തീയ്യതി സുനിൽകുമാറിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി പെരുവയൽ പഞ്ചായത്ത് ഓഫീസിൽ വിവരം ലഭിച്ചു. തുട‍ർന്ന് 25ന് പഞ്ചായത്ത് അംഗങ്ങൾ ആശുപത്രിയിൽ എത്തി അന്വഷിച്ചപ്പോഴാണ് സുനിൽ കുമാർ 24ന് രാത്രി എട്ട് മണിയോടെ മരിച്ചതായി അറിയുന്നത്. കൊവിഡ് പരിശോധനാ ഫലം ലഭിക്കാതെ മൃതദേഹം വിട്ടുനൽകാൻ കഴിയില്ലെന്നും അറിയിച്ചു

മരണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ എച്ച്1എൻ1 പരിശോധന നടത്തി ഫലം ലഭിക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് ബന്ധുക്കൾ കളക്ടറുടെ അനുമതിയോടെ മൃതദേഹം ഏറ്റ് വാങ്ങി സംസ്കരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. 

Follow Us:
Download App:
  • android
  • ios