കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് വൈറസ് പടരുന്നതിന്‍റെ പേരില്‍ ചികിത്സ വൈകുന്നതായി പരാതി. ആശുപത്രിയിൽ മറ്റ് രോഗങ്ങളുമായി എത്തുന്നവർക്ക് ചികിത്സ വൈകുകയാണെന്നാണ് പരാതി. മെഡിക്കൽ കോളേജിൽ മരിച്ച ഒളവണ്ണ സ്വദേശി മഹേഷിന്‍റെയും വടകരയില്‍ നിന്നുളള നവജാത ശിശുവിന്‍റെയും മരണത്തിൽ പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി. 

മഹേഷിന്‍റെ മരണം ആശുപത്രിയുടെ വീഴ്ച കൊണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൃക്കരോഗിയായ മഹേഷിനെ കൊവിഡ് സംശയിച്ച് ഒരു ദിവസത്തോളം ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തി. വൃക്കരോഗത്തിനും ഹൃദയസംബന്ധമായ രോഗത്തിനും സ്ഥിരമായി കഴിച്ചിരുന്ന മരുന്നുകള്‍ നല്‍കിയില്ലെന്നും ഭാര്യ പ്രഭിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളുള്ളതിനാലാണ് മഹേഷിനെ കൊവിഡ് ഐസൊലേഷൻ എസിയുവിൽ അസ്മിറ്റ് ചെയതത്. അദ്ദേഹത്തിന്റെ നില വളരെ സീരിയസായിരുന്നു. അതിനാൽ രോഗിയെ അഡ്മിറ്റ് ചെയ്തു. ഇദ്ദേഹത്തിന് കൃത്യമായ മരുന്നുകൾ നൽകിയിരുന്നതായും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജിത് അറിയിച്ചു. 

സമാനമായ പരാതിയാണ് വടകരയില്‍ നിന്നുളള കുടുംബവും ഉന്നയിക്കുന്നത്. ചികിത്സാ പിഴവ് കൊണ്ടാണ് നവജാത ശിശു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 'കുഞ്ഞ് മരിച്ചത് ജനിച്ച് മൂന്നാമത്തെ ദിവസമാണ്. കുഞ്ഞിന് കൈ അനങ്ങുന്നുണ്ടായിരുന്നില്ല. ഞരമ്പ് വലിഞ്ഞതാണെന്നും അത് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നുമാണ്  ഡോക്ടർ അന്ന് പറഞ്ഞത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മരിച്ച കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം കിട്ടിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.