പനി ബാധിച്ച് ആവശനിലയിലായ 75കാരൻ മാലയപ്പനെ ആണ് കൂടലാർകുടിയിൽ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്. കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായുള്ള ആവശ്യത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
ഇടുക്കി: ഇടുക്കി ഇടമലക്കുടിയിൽ നിന്ന് രോഗിയെ കിലോ മീറ്ററുകൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച് ആവശനിലയിലായ 75കാരൻ മാലയപ്പനെ ആണ് കൂടലാർകുടിയിൽ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്. കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായുള്ള ആവശ്യത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
കാലമെത്രയായാലും ഈ ദുരിതക്കാഴ്ചയ്ക്ക് മാത്രം ഒരുമാറ്റവുമില്ല ഇടമലക്കുടിയിൽ. ഇക്കുറിയും കൂടലാർക്കുടിയിൽ നിന്ന് അവശനിലയിലായ രോഗിയെ തുണികൊണ്ടുള്ള മഞ്ചലിൽ ചുമന്ന് പുറംലോകത്തേക്ക് എത്തിക്കേണ്ടിവന്നു. ഇടമലക്കുടിയിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഉന്നതിയാണ് കൂടലാർക്കുടി. അവർക്കാശ്രയം ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലി. എന്നാൽ മാത്രമേ, ആശുപത്രിയിലേക്കുൾപ്പെടെ എത്താൻ സാധിക്കൂ. നാല് കിലോ മീറ്ററിലെറെ കാട്ടിലൂടെ ഒറ്റയടിപ്പാത വഴി നടന്നാൽ മാത്രമേ ആനക്കുളത്ത് എത്താൻ സാധിക്കൂ. ഈ പ്രദേശത്തുകൂടി സഞ്ചാരയോഗ്യമായ ഒരു പാതക്ക് വേണ്ടി നാട്ടുകാർ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു, പരാതിയും നിവേദനങ്ങളും നൽകി. പക്ഷേ, കാട്ടിനകത്തുകൂടെയുള്ള പാതയ്ക്ക് മാത്രം അന്തിമ തീരുമാനമായില്ല. നിലവിൽ ഇടമലക്കുടിയിലേക്കുളള പാത രാജമല - പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കുളളതാണ്. പക്ഷേ, കൂടലാർക്കുടിക്കാർക്കും സമീപത്തുള്ള ഉന്നതിയിലെ നിവാസികൾക്കും പത്ത് കിലോ മീറ്ററിലേറെ സഞ്ചരിച്ചാലേ, ഇഡലിപ്പാറക്കുടിയിലെത്താനാവൂ.
ആശുപത്രിയിലേക്കുള്ള അവശ്യയാത്രകൾക്ക് ഇത്രയും വളഞ്ഞ് സഞ്ചരിക്കാതെ, കാട്ടിലൂടെയുളള മാർഗ്ഗമാണ് ഇപ്പോഴും ആശ്രയം. കഴിഞ്ഞ വർഷവും സമാന രീതിയിൽ പനിബാധിച്ച് അവശനിലയിലായ കുട്ടിയെ രാത്രിക്ക് കാട്ടിലൂടെ ചുമത്ത് ആശുപത്രിയിലെത്തിക്കേണ്ടിവന്നിരുന്നു. ഇതിലൂടെ വഴിവെട്ടാൻ നേരത്തെ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തീരുമാനമായെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിച്ചു. ഇനിയെങ്കിലും സഞ്ചാരയോഗ്യമായ ഒരുവഴി അനുവദിക്കണമെന്ന് മാത്രമാണ് കൂടലാർക്കുടിക്കാർ ആവർത്തിക്കുന്നത്.

