Asianet News MalayalamAsianet News Malayalam

Health|ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, കേരളത്തിലെ 300 ലേറെ ആശുപത്രികളില്‍ പുതിയ സംവിധാനം

ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും.

patients can book hospital op ticket using e governance ehealth PORTAL in kerala
Author
Thiruvananthapuram, First Published Nov 22, 2021, 4:37 PM IST

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ ഇ-ഗവേണന്‍സ് (e governance) സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് (health department kerala) രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇനി മുതൽ  ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാം. 

ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

രോഗിയുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരും ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലെയുള്ള റെഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാന്‍ റെഫറന്‍സ് ആവശ്യമാണ്.

 യുണിക്ക് ഹെല്‍ത്ത് ഐഡി 

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ ആവശ്യമാണ്. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.

അപ്പോയ്‌മെന്റെ് എടുക്കുന്നതിങ്ങനെ 

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios