തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിൽ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്കൂൾ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. അണ്‍ എയ്ഡഡ് സ്ഥാപനമായ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.

ധന്യയും ഭർത്താവ് നസീമും മകനെ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കാൻ പട്ടം സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിൽ എത്തിയപ്പോഴുള്ള അനുഭവമാണിത്. ധന്യ പറയുന്നത് കേൾക്കുക: ''വേറെ എന്ത് പ്രശ്നം പറഞ്ഞിട്ട് അഡ്‍മിഷൻ നിഷേധിച്ചാലും നമുക്ക് പ്രശ്നമില്ല. പക്ഷേ, അവന് അസസ്‍മെന്‍റ് ടെസ്റ്റ് കഴിഞ്ഞതാ. നല്ല മാർക്കോടുകൂടി പാസ്സാവുകയും ചെയ്തതാ''.

പ്രവേശന ഫോം പൂരിപ്പിച്ച് നൽകിയപ്പോഴാണ് എൽപി വിഭാഗം മേധാവിയായ സിസ്റ്റർ ടെസ്സി തടസ്സം അറിയിച്ചത്. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ മാനേജ്മെന്‍റുമായി ആലോചിച്ച് ശേഷം മതം രേഖപ്പെടുത്താൻ താത്പര്യമില്ലെന്ന് കാട്ടി വിശദമായ സത്യവാങ്മൂലം തരണമെന്നായി സിസ്റ്റർ ടെസ്സി. 

സിസ്റ്ററുമായി കുട്ടിയുടെ അച്ഛൻ നസീം നടത്തിയ സംഭാഷണം ഇങ്ങനെ: 

സിസ്റ്റർ ടെസ്സി: ഇവിടെ അഡ്മിഷൻ വേണമെങ്കിൽ ഇങ്ങനെ ഒരു ലെറ്റർ തന്നെ പറ്റൂ. 

നസീം: അതായത്, ഇതില്ലെങ്കിൽ എന്‍റെ മകന്‍റെ കോളത്തിൽ മതം ചേർത്തേ മതിയാകൂ അല്ലേ?

സിസ്റ്റർ ടെസ്സി: അതെ ചേർത്തേ പറ്റൂ. അല്ലെങ്കിൽ സർക്കാർ സ്കൂളിൽ കിട്ടുമെന്നല്ലേ പറഞ്ഞത്. അവിടെ അഡ്മിഷൻ എടുത്തോളൂ. ഇങ്ങനെയൊരു ലെറ്റർ തരാതെ ഇവിടെ അ‍ഡ്മിഷൻ പറ്റില്ല. 

മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ ഇത്തരം ഒരു ദുരനുഭവം നസീമും ധന്യയും പ്രതീക്ഷിച്ചില്ല. ''നിങ്ങളേതെങ്കിലും മതം ചേർത്തേ പറ്റൂ. നിങ്ങളേതെങ്കിലും മതത്തിൽ കുഞ്ഞിനെ വളർത്തിയേ പറ്റൂ എന്ന നിലയിലാ ഞങ്ങളോട് സംസാരിച്ചത് അവര്'', എന്ന് നസീം. 

നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്കൂൾ അധികൃതരും സമ്മതിക്കുന്നു. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നൽകാൻ തയ്യാറാണെന്ന് സ്കൂൾ മാനേജ്മെന്‍റ് വ്യക്തമാക്കി. പക്ഷെ, ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

"

വാർത്തയിൽ നടപടി

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശത്തിന് മതം ചോദിച്ചതിൽ സർക്കാർ നടപടി. അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിര്‍ദ്ദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. പ്രവേശനത്തിൽ സര്‍ക്കാര്‍ മാനദണ്ഡങ്ങൾ ലംഘിക്കരുതെന്ന് പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കർശന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.