വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാകും, 30000 വരെ പിഴയും, ഇനിയും പഠിക്കാത്തവര്‍ കണ്ടോളൂ.. പട്ടാമ്പി പൊലീസിന്റെ നടപടി
നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രണ്ട് ഡസനിലധികം കേസുകളാണ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
പട്ടാമ്പി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്ക് എതിരെ കർശന നടപടികളുമായി പട്ടാമ്പി പൊലീസ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രണ്ട് ഡസനിലധികം കേസുകളാണ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
പട്ടാമ്പി എസ്ഐ മണികണ്ഠൻ കെ, ട്രാഫിക് എസ്ഐ ജയരാജ് കെ പി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് കര്‍ശനമായ നടപടികളിലേക്ക് കടന്നത്. അടുത്ത കാലത്തായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നതായി പരാതി ഉയർന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓടിക്കാൻ നൽകിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് കോടതി മുമ്പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാഹനം ഓടിക്കാൻ നൽകിയ രക്ഷകർത്താക്കൾക്ക് എതിരെ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു.
ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങൾക്ക് 30000 രൂപ വരെ കോടതി പിഴ ചുമത്തും. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി വരും ദിവസങ്ങളിൽ ഇത്തരത്തിൽ കർശന പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം