കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബിജെപി പ്രവർത്തകരായ അഞ്ച് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സംഘാടകരായ 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതി  നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.

ഡോ. മല്ലിക, സരള പണിക്കർ, സി വി സജിനി, പ്രസന്ന ബാഹുലയൻ, ബിനി സുരേഷ്, എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. എറണാകുളം നോർത്ത് വനിതാ പൊലീസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ആതിര എസ് നല്‍കിയ പരാതിയിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം പൗരത്വ നിയമത്തെ അനുകൂലിച്ച് കഴിഞ്ഞ 21ന് നടന്ന സെമിനാറിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബിജെപി പ്രവര്‍ത്തകരായിരുന്നു മാതൃയോഗം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ആതിര വേദിയിലേക്ക് എത്തി പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു. ഇതോടെ സംഘാടകര്‍ ചീത്ത വിളിച്ചും കയ്യേറ്റം ചെയ്തും യുവതിയെ ഇറക്കിവിടുകയായിരുന്നു.