Asianet News MalayalamAsianet News Malayalam

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും എടുക്കാം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Payments in Kerala government hospitals can be made online also queue can be avoided through prior appointment
Author
First Published Aug 23, 2024, 3:07 PM IST | Last Updated Aug 23, 2024, 3:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. 

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കും. മുന്‍കൂറായി ടോക്കണ്‍ എടുക്കുന്നതിനോടൊപ്പം ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയും നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് കൂടി ഇ ഹേല്‍ത്ത് സജ്ജമാക്കി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ഹെല്‍ത്ത് റെക്കോര്‍ഡ്, ലാബ് റിപ്പോര്‍ട്ട്, ഫാര്‍മസി റിപ്പോര്‍ട്ട് എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ രോഗിക്ക് കാണാന്‍ സാധിക്കും. ഈ മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയും ഈ സേവനങ്ങള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios