Asianet News MalayalamAsianet News Malayalam

ജൈവഗ്രാമം പദ്ധതിയെന്ന പേരിൽ പാറക്കെട്ട് വാങ്ങിക്കൂട്ടി; കോടികളുടെ ഫണ്ട് വെട്ടിച്ച് പയ്യന്നൂർ നഗരസഭ

പട്ടിക ജാതിക്കാർക്ക് സ്വയം തൊഴിലിനെന്ന  പേരിൽ സിപിഎം ഭരിക്കുന്ന പയ്യന്നൂർ നഗരസഭ നടപ്പാക്കിയ ജൈവഗ്രാമം പദ്ധതി, ഫണ്ട് തട്ടിപ്പിന്‍റെ നേർ സാക്ഷ്യമാണ്.

Payyannur Municipal Corporation ruled by CPM misused funds
Author
First Published Dec 9, 2022, 7:24 AM IST

കണ്ണൂര്‍: ഒന്നരക്കോടിയിലേറെ മുടക്കിയിട്ടും ഒരു രൂപയുടെ പ്രയോജനം പോലും ചെയ്യാത്തൊരു സർക്കാർ പദ്ധതിയുണ്ട് കണ്ണൂരിൽ. പട്ടിക ജാതിക്കാർക്ക് സ്വയം തൊഴിലിനെന്ന  പേരിൽ സിപിഎം ഭരിക്കുന്ന പയ്യന്നൂർ നഗരസഭ നടപ്പാക്കിയ ജൈവഗ്രാമം പദ്ധതി, ഫണ്ട് തട്ടിപ്പിന്‍റെ നേർ സാക്ഷ്യമാണ്. പാറക്കെട്ട് നിറഞ്ഞ പാഴ് ഭൂമി റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ വൻ വില കൊടുത്തുവാങ്ങി അവിടെ നിർമ്മിച്ച കെട്ടിടങ്ങളൊക്കെയും പത്ത് വർഷത്തിനിപ്പുറം നശിച്ചു. പാർട്ടിയെ എതിർത്താലുള്ള ഭവിഷ്യത്തുകളോർത്ത് ഈ തട്ടിപ്പിനെതിരെ പയ്യന്നൂരിൽ ഇതുവരെ  ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല.

കാനായി റോഡിൽ മുക്കൂട് എത്തുമ്പോൾ ജൈവഗ്രാമത്തിലേക്ക് സ്റ്റൈലൻ ബോർഡുണ്ട്. മുകളിലേക്ക് ഒരു  വാഹനത്തിന് കഷ്ടിച്ച് കയറിപ്പോകാം. വർഷങ്ങളായി ആൾ പെരുമാറ്റം ഇല്ലാത്തതിനാൽ പ്രദേശം  കാടുകയറി.
2011 -12 കാലത്താണ് പയ്യന്നൂർ നഗരസഭയിലെ പട്ടികജാതി വിഭാഗക്കാർക്ക് കൃഷിചെയ്യാനും കൈത്തൊഴിലുമായി ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപെടുത്തി  ജൈവഗ്രാമം പ്രൊജക്ട് തുടങ്ങിയത്. അക്കാലത്ത് സെന്‍റിന് അഞ്ചായിരം രൂപ പോലും വിലയില്ലാത്ത, മനുഷ്യർ തിരിഞ്ഞുനോക്കാത്ത ഈ  പാറ കുന്നിൽ  ജൈവ ഗ്രാമം എന്ന ആശയം ആരുടെ തലയിലാകും ആദ്യം ഉദിച്ചത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. 

കൃത്യം ഒരുവർഷം കഴിഞ്ഞ് പയ്യന്നൂർ നഗരസഭ  സെന്‍റിന് പതിനായിരത്തി നാനൂറ് രൂപ നിരക്കിൽ എഴുപത്തിമൂന്ന് ലക്ഷത്തി എണ്ണൂറ് രൂപ നൽകിയാണ് അയാളിൽ നിന്ന് ഈ ഭൂമി വാങ്ങുന്നത്. നഗരസഭ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് പണം തട്ടാനാണ് ഈ വസ്തു ഇടപാടെന്ന് അന്നുതന്നെ ആരോപണം ഉയർന്നെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല.  വിവരാവകാശ പ്രകാരം കിട്ടിയ കണക്കിൽ 2017 വരെ ഇങ്ങോട്ടേക്ക് റോഡിനായി മണ്ണെടുക്കൽ, ടാറിങ്ങ്, ഓവുചാൽ നിർമ്മാണം ഇങ്ങനെ പല ഇനങ്ങളിലായി നാൽപത്തിയാറ് ലക്ഷത്തി നാൽപത്തിരണ്ടായിരത്തി 297 രൂപ ചെലവാക്കി. 2017 ന് ഷെഷം ഷെഡ് നിർമ്മാണത്തിനായി 15 ലക്ഷം വീതം വേറെയും പൊടിച്ചു.

സിപിഎമ്മിന് വൻ സ്വാധീനമുള്ള പയ്യന്നൂരിൽ പേരിനൊരു സമരം പോലും പ്രതിപക്ഷം നടത്തിയില്ല . ചോദ്യം ചെയ്താലുള്ള ഭവിഷ്യത്ത് ഓർത്ത് ആളുകൾക്ക് ഭയമാണെന്ന് പൗരാവകാശ പ്രവർത്തകൻ ഹരിദാസൻ പറയുന്നു. റോഡോ എല്ലാ വീട്ടിലും കുടിവെള്ള പൈപ്പോ ഇല്ലാത്ത കൊക്കോട് കോളനിക്കാരൊന്നും അവരുടെ പേരിൽ കോടികൾ മുടക്കിയ ജൈവഗ്രാമം പദ്ധതിയെപ്പറ്റി കേട്ടിട്ട് പോലും ഇല്ല. ഇക്കൊല്ലത്തെ വാർഷിക പദ്ധതിയിലും ഈ പാറക്കുന്ന് തട്ടുതട്ടായി തിരിക്കാൻ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios