നീന്തൽ പരിശീലന കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് തഴക്കര പഞ്ചായത്തിൽ നവീകരിക്കുന്ന പഴഞ്ചിറക്കുളത്തിന്റെ സംരക്ഷണഭിത്തി കനത്തമഴയിൽ തകർന്നു.
മാങ്കാംകുഴി: നീന്തൽ പരിശീലന കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് തഴക്കര പഞ്ചായത്തിൽ നവീകരിക്കുന്ന പഴഞ്ചിറക്കുളത്തിന്റെ സംരക്ഷണഭിത്തി കനത്തമഴയിൽ തകർന്നു. കഴിഞ്ഞ ജൂലൈ ആദ്യവാരത്തിൽ കുളത്തിന്റെ വടക്കുഭാഗം പൂർണമായി തകർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ തെക്കുഭാഗത്തെ പാർശ്വഭിത്തിയും ഇടിഞ്ഞുതാഴ്ന്നത്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന നീന്തൽ പരിശീലന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം 2024 ഒക്ടോബറിലാണ് നടന്നത്. കായികവകുപ്പിനാണ് ഇതിന്റെ നിർമാണച്ചുമതല. കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി നിർമിച്ചുവരുന്നതിനിടെയാണ് ഇവ ഒന്നിനുപുറകെ മറ്റൊന്നായി തകർന്നുവീഴുന്നത്.
നിർമാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തികൾ തുടർച്ചയായി ഇടിഞ്ഞുവീഴാൻ കാരണമെന്നാണ് പ്രധാന ആക്ഷേപം. പഴയ കൽക്കെട്ടിനു മുകളിൽ അശാസ്ത്രീയമായ രീതിയിൽ പാറ അടുക്കി പണിതതാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും നീരൊഴുക്കുമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് കായികവകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ വിശദീകരണം. തഴക്കര പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളുടെ അതിർത്തിയിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
അശാസ്ത്രീയ നിർമാണം മൂലം ഒഴുക്ക് നിലയ്ക്കുകയും വെള്ളവും പായലും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നതായി മുൻപ് പരാതി ഉയർന്നിരുന്നു. തുടർന്ന് തഴക്കര പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് കുളം ശുചീകരിച്ച് മാലിന്യം നീക്കം ചെയ്തത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് മാവേലിക്കര ഉപജില്ലാ സ്കൂൾ നീന്തൽ മത്സരങ്ങൾ നടന്നിരുന്നത് ഒന്നരയേക്കറോളം വിസ്തീർണമുള്ള ഈ പഴഞ്ചിറക്കുളത്തിലായിരുന്നു. പിന്നീട് പതിറ്റാണ്ടുകളോളം ചെളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നശേഷമാണ് ഇപ്പോൾ നവീകരണ പദ്ധതി ആരംഭിച്ചത്.








