തിരുവനന്തപുരം: മാണി സാറിൽ നിന്നാണ് പിസി ജോർജ്ജിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. എന്നാൽ പിന്നീട് ആ പുഴ രണ്ടായി ഒഴുകി, പിന്നെ ഒന്നായി. ഒന്നായിരുന്നപ്പോഴും രണ്ട് പക്ഷത്തായിരുന്നു. കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായി പിസി ജോർജ്ജ് മാറി. പക്ഷെ പിസി ജോർജ്ജിനെതിരെ സ്വരം കടുപ്പിച്ച് കെഎം മാണി എന്തെങ്കിലും പറഞ്ഞത് മലയാളികളുടെ മനസിലോ, രാഷ്ട്രീയ ചരിത്രത്തിലോ കണ്ടുകിട്ടില്ല. രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ മാണി സാർ രംഗം വിടുമ്പോൾ ഒരു കടുത്ത വേദന ഇപ്പോഴും പിസി ജോർജ്ജിന്റെ മനസിലുണ്ട്.

കെഎം മാണിയുടെ വിയോഗവാർത്തയുടെ ദു:ഖത്തിലായിരുന്നു പിസി ജോർജ്ജ്. ഇന്ന് കേരള ജനപക്ഷം പാർട്ടിയുടെ നേതാവായ അദ്ദേഹം കെഎം മാണിയുമായുള്ള വ്യക്തിബന്ധത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചതിങ്ങനെ.

"1965 ലാണ്. അന്ന് കേരള കോൺഗ്രസ് രൂപീകരിച്ച ശേഷം നേതാക്കൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരു സ്വീകരണം ഉണ്ടായി. അന്നാണ് മാണി സാറിനെ ഞാൻ ആദ്യമായി കാണുന്നത്. എന്റെ വീട്ടിൽ വച്ച്. അന്ന് ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥി മാത്രം. അപ്പനെ കാണാനാണ് അന്നവർ വന്നത്. അതിന് ശേഷവും അദ്ദേഹം ഇടയ്ക്കിടെ കേരള കോൺഗ്രസിന്റെ പ്രചാരണത്തിന് വേണ്ടി ഇരാറ്റുപേട്ടയിൽ വരാറുണ്ടായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരുന്നെങ്കിലും അന്ന് തന്നെ  മാണി സാറിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അത് പിന്നീട് വളർന്നുകൊണ്ടേയിരുന്നു."

"അന്ന് അദ്ദേഹത്തിന്റെ പക്കൽ അധികം സമ്പത്തില്ലായിരുന്നു. പാർട്ടിയുടെ ഫണ്ട് പിരിവിന് വേണ്ടി പലപ്പോഴും അദ്ദേഹം അപ്പനെ കാണാനെത്തി. ഞാൻ അക്കാലത്ത് കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തനത്തിലേക്ക് മാറിയിരുന്നു. അന്ന് ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് 1967 ൽ കേരള കോൺഗ്രസ് നിയമസഭയിൽ അഞ്ച് സീറ്റുകളിൽ കേരള കോൺഗ്രസ് വിജയിച്ചു. ഞങ്ങൾ ഈരാറ്റുപേട്ടയിൽ നിന്ന് ജീപ്പ് പിടിച്ച് പാലായിൽ മാണി സാറിന്റെ വീട്ടിൽ പോയി."

"അന്നേ അദ്ദേഹത്തിന് എന്നോടൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം ഞാൻ എറണാകുളം തേവര കോളേജിൽ ബിരുദപഠനത്തിന് ചേർന്നു. അന്ന് മാണി സാറിന്റെ കേസ് എറണാകുളത്ത് കോടതിയിൽ വരുമ്പോഴൊക്കെ ഞാനവിടെ പോകാറുണ്ടായിരുന്നു. അദ്ദേഹം എപ്പോൾ എറണാകുളത്ത് വന്നാലും ഡ്രൈവർ രാജുവിനെ ജീപ്പുമായി വിട്ട് തേവര കോളേജിൽ നിന്ന് എന്നെ വിളിപ്പിക്കുമായിരുന്നു. ഞങ്ങൾ ഗസ്റ്റ് ഗൗസിൽ കാണും," പിസി ജോർജ്ജ് പറഞ്ഞു.

"മകനോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. പിതൃതുല്യനായിരുന്നു അദ്ദേഹം എനിക്ക്. 1976 ൽ പാർട്ടി പിളർന്നപ്പോൾ ഞാൻ പിജെ ജോസഫിന്റെ കൂടെ പോയപ്പോഴാണ് അദ്ദേഹത്തിന്റെ വിമതനായി ഞാൻ അറിയപ്പെട്ട് തുടങ്ങിയത്. 1979 ൽ ഞാൻ പിജെ ജോസഫ് പക്ഷത്ത് നിന്ന് എംഎൽഎ ആയതോടെ മാണി വിരുദ്ധ എംഎൽഎയുമായി."

"എന്നാൽ ഞാൻ എന്തൊക്കെ വിമർശിച്ചാലും അദ്ദേഹം എന്നോട് ഒരു അരിശവും കാണിച്ചില്ല. എന്നാ വഴക്കുണ്ടാക്കിയാലും അവനെന്നെ വിട്ടേച്ച് പോകില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. ഇത്രയേറെ വിമർശിച്ചിട്ടും മുഖം മുഴിഞ്ഞ് ഒരു വാക്ക് പോലും അദ്ദേഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. ആ വേദന എന്റെ മനസിൽ നിന്ന് ഒരിക്കലും മായില്ല," പിസി ജോർജ്ജ് പറഞ്ഞു.

"യുഡിഎഫ് നേതാക്കളെല്ലാം ഇരുന്നാണ് എന്നെ ചീഫ് വിപ്പാക്കാൻ തീരുമാനം എടുത്തത്. അന്ന് ആ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത ദിവസം നടന്ന പാർട്ടി യോഗത്തിൽ പിജെ ജോസഫും അദ്ദേഹത്തോടൊപ്പമുള്ള നാല് എംഎൽഎമാരും എന്നെ ചീഫ് വിപ്പാക്കരുതെന്ന് പറഞ്ഞു. അപമാനിക്കരുത് എന്നായിരുന്നു അവരോട് മാണി സാർ പറഞ്ഞത്. രാഷ്ട്രീയത്തിൽ ആ മാന്യത അദ്ദേഹത്തിന് മാത്രം അവകാശപ്പെടാനാവുന്നതാണ്. കെ കരുണാകരനെ പോലെ കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരിയാണ് അദ്ദേഹം. മധ്യതിരുവിതാംകൂറിലെ പകരക്കാരനില്ലാത്ത നേതാവുമാണ്," മാണി സാറിനെ അനുസ്‌മരിച്ച് പിസി ജോർജ്ജ് പറഞ്ഞു നിർത്തി.