വാഷിംഗ്ടണ്‍: കേംബ്രി‍ഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോള‍ർ പിഴ ചുമത്തി. ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യന്‍ രൂപയോളം പിഴയടക്കേണ്ടിവരും. അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്. 

എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ ഫേസ്ബുക്കിന് മുന്നിൽ വച്ചിട്ടുണ്ട്. ഫേസ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്. എന്നാൽ പിഴയെപ്പറ്റി പ്രതികരിക്കാൻ ഫേസ്ബുക്കോ, യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല. 

പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ട്. ഒത്തുതീര്‍പ്പിനെ എതിര്‍ത്തും അനുകൂലിച്ചും അമേരിക്കയിലെ രാഷ്ട്രീയപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.  ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴ അടക്കേണ്ട തുകയെപ്പറ്റി പ്രതികരിക്കാൻ ഫേസ്ബുക്കോ യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല.