തീർപ്പാക്കാനുണ്ടായിരുന്ന 2,03,023 ഫയലുകളിൽ 91,047 ഫയലുകൾ മാത്രമാണ് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
തിരുവനന്തപുരം: തീവ്ര ഫയൽ യജ്ഞത്തിന് ശേഷവും സംസ്ഥാനത്ത് പകുതിയിലധികം ഫയലുകളും കെട്ടിക്കിടക്കുന്നു. ഇനിയും ഒരു ലക്ഷത്തിലധികം ഫയലുകൾ തീർപ്പാക്കാനുണ്ട്. എല്ലാ ഫയലുകളും ഈ വർഷം തന്നെ തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31വരെയായിരുന്നു തീവ്ര ഫയൽ യജ്ഞം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തലോടെയായിരുന്നു ഫയൽ തീർപ്പാക്കൽ പദ്ധതിയുടെ തുടക്കം. തീർപ്പാക്കാനുണ്ടായിരുന്ന 2,03,023 ഫയലുകളിൽ 91,047 ഫയലുകൾ മാത്രമാണ് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
ആകെ 44.84% ഫയലുകളാണ് തീർപ്പാക്കി. 79.80% ഫയലുകൾ പൂർത്തിയാക്കിയ വിവരപൊതുജനസമ്പർക്ക വകുപ്പാണ് പട്ടികയിൽ മുന്നിൽ. 28 ശതമാനത്തോളം ഫയലുകൾ മാത്രം പൂർത്തിയാക്കിയ നികുതി, വിവരസാങ്കേതിക വകുപ്പുകളാണ് പട്ടികയിൽ പിന്നിലുള്ളത്. ധനകാര്യ വകുപ്പ് 74.50%, റവന്യു വകുപ്പ് 52.70%, ആഭ്യന്തര വകുപ്പ് 42%, പൊതുമരാമത്ത് 31.86% ഫയലുകളും പൂർത്തിയാക്കി. ഇനി 1,11,976 ഫയലുകൾ ബാക്കിയുണ്ട്.
തദ്ദേശസ്വയ ഭരണ വകുപ്പിന് ഇനി 17,482 ഫയലുകൾ തീർപ്പാക്കാനുണ്ട്. റവന്യൂ വകുപ്പിന് 11, 428ഉം പൊതുവിദ്യാഭ്യാസ വകുപ്പിന് 10, 199 ഫയലുകളും തീർക്കണം. ഒരു മാസം ശരാശരി 40,000 ഫയലുകൾ പൂർത്തിയാക്കിയിടത്ത് തീവ്ര ഫയൽ യജ്ഞത്തിലൂടെ 60,000 ഫയലുകൾ പൂർത്തിയാക്കിയെന്നാണ് കണക്ക്.
