കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർധക്യ പെൻഷൻ തട്ടിയെന്ന പരാതിയിൽ സിപിഎം വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് കേസെടുത്തത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമ്മാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 

തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. 

കൗസു മരിച്ചതിനാൽ സർക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറൽ ബാങ്ക്  കളക്ഷൻ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി. പണം തങ്ങൾ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ സമ്മ‍ർദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. അതേസമയം, നെൽകൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങൾ പോയത് എന്നാണ് സ്വപ്നയുടെ ഭർത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്വപ്നയുടെ വീട്ടിലെത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി. 

മന്ത്രി കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയിൽ പൊലീസ് എഫ്ഐആർ പോലും ഇടാത്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തിൽ 5 കൊല്ലത്തിനിടെ മരിച്ച പെൻഷന് അർഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നു. സിപിഎം ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല.