പറമ്പ് നിറയെ വിളഞ്ഞ് നിന്ന സമ്പന്നമായൊരു ഭൂതകാലത്തിന്‍റെ ഓര്‍മകളിലേക്കാണ് 82 കാരനായ ദേവസ്യ തന്‍റെ ഓര്‍മ്മകളുമായി പിന്‍നടത്തം തുടങ്ങിയത്.
വന്യമൃഗ ആക്രമണങ്ങൾ മൂലം സംസ്ഥാനത്തെ മലയോര ഗ്രാമങ്ങളിൽ നിന്നും പ്രദേശവാസികള്‍ കുടിയൊഴിയുകയാണ്. വീടും സ്ഥലവും തൊഴിലും എല്ലാം വിട്ടെറിഞ്ഞ് താഴ്വാരങ്ങളിലേക്ക് അവര്‍ കുടിയേറുന്നു. ഇത്തരത്തില്‍ ആളനക്കമില്ലാത്ത നാടായി മാറിക്കഴുഞ്ഞു കോഴിക്കോട് ജില്ലയിലെ താന്നിയാംകുന്നും നമ്പികുളവും. കോഴിക്കോട് ജില്ലയില്‍ മാത്രമല്ല, ഇടുക്കിയിലും വയനാട്ടിലും സമാനമായ ഗ്രാമങ്ങള്‍ വേറെയുമുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താഴ്വാരങ്ങളില്‍ നിന്ന് കാടിന്‍റെ കഠിനതകളെ തൃണവത്ക്കരിച്ച് കാട് വെട്ടി നാട് പണിതാണ് കേരളത്തിന്‍റെ കിഴക്കന്‍ വനമേഖലയിലേക്ക് കുടിയേറ്റം ശക്തമാകുന്നത്. കാട് വെട്ടിത്തളിച്ച ഇടങ്ങളില്‍ വീടുകളും കൃഷിയിടങ്ങളും പിന്നെ വഴികളും വന്നു. വഴികള്‍ റോഡുകളായി വളര്‍ന്നപ്പോള്‍ ചെറു പട്ടണങ്ങള്‍ക്ക് വഴിതുറന്നു. കറുത്ത മണ്ണില്‍ പൊന്ന് വിളയിച്ച് കര്‍ഷകര്‍, വിളകള്‍ക്ക് വിലയുണ്ടായിരുന്ന കാലങ്ങളില്‍ കുടിലുകളില്‍ നിന്നും ഓട് പാകിയ വീട്ടിലേക്കും പതുക്കെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കും ജീവിതത്തെ പറച്ച് നട്ടു.
നാടെങ്ങും പള്ളിയും പള്ളിക്കൂടവും ഉയര്‍ന്നു. അങ്ങനെ പറമ്പ് നിറയെ വിളഞ്ഞ് നിന്ന സമ്പന്നമായൊരു ഭൂതകാലത്തിന്‍റെ ഓര്‍മകളിലേക്കാണ് 82 കാരനായ ദേവസ്യ തന്‍റെ ഓര്‍മ്മകളുമായി പിന്‍നടത്തം തുടങ്ങിയത്. കോഴിക്കോട്ടെ കൂരാച്ചുണ്ടിനടുത്തുള്ള നമ്പിക്കുളം കുന്നിന് മുകളില്‍ ആയുസ്സിന്‍റെ വലിയൊരു കാലവും കൃഷിക്കായി ചിലവഴിച്ചയാളാണ് ദേവസ്യ. പേമാരിയോടും പെരുമ്പാമ്പിനോടും പൊരുതി, ചോര നീരാക്കി, മലത്തലപ്പുകളില്‍ ജീവിതം നെയ്‌തെടുത്ത ദേവസ്യക്കും ഉടപ്പിറപ്പുകള്‍ക്കും, ഒടുവില്‍ ആയുസ്സിന്‍റെ സമ്പാദ്യങ്ങളെല്ലാം മലമുകളില്‍ ഉപേക്ഷിച്ച് വെറും കൈയോടെ മലയിറങ്ങേണ്ടിവന്നു. രൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ കാരണം മലയോര ഗ്രാമങ്ങളിലെ കൃഷി അസാധ്യമായെന്ന് ജീവിതം കൊണ്ട് പറയുകയാണ് അദ്ദേഹം. സാമൂഹികമായും സാമ്പത്തികമായും പതിറ്റാണ്ടുകള്‍ പിന്നിലുള്ള ആ വന്യതയിലേക്ക് മലയോരം മടങ്ങുകയാണെന്ന് ദേവസ്യയും പറയുന്നു.

വന്യജീവി ആക്രമണങ്ങള്‍ കാരണം തിരിച്ചിറങ്ങുന്ന അനേകം കാര്‍ഷിക ഗ്രാമങ്ങളെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ കാണാം. ഒരു കാലത്ത്, ജീവിക്കാനായി മലകയറി, കാടിനോട് നേര്‍ക്കുനേര്‍ നിന്ന മനുഷ്യര്‍ ഇന്ന് കാട്ടുമൃഗങ്ങള്‍ക്ക് മുന്നില്‍ പടിച്ച് നില്‍ക്കാനാവാതെ മലയിറങ്ങുകയാണ്. പണ്ടെത്തേതിനെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇന്നുണ്ട്. പക്ഷേ, വന്യമൃഗ ശല്യം കാരണം ആളുകള്‍ കുന്നിറങ്ങാന്‍ നിര്‍ബന്ധഝിതരാകുന്നെന്ന് വി ഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. സുമിന്‍ എസ് നെടുങ്ങാടനും സമ്മതിക്കുന്നു.
വന്‍കിട തോട്ടം ഉടമകള്‍ ഒഴികെയുള്ള ഇടത്തരം കര്‍ഷകരുടെയെല്ലാം സ്ഥിതി ഇതാണ്. കാടുമൂടിയ മലയോരം വന്യജീവികളുടെ വിഹാര കേന്ദങ്ങളായി. കാട് കാര്‍ഷിക ഗ്രാമങ്ങളായും നാടും മാറിയ ഇടങ്ങള്‍ ഇപ്പോള്‍ വീണ്ടും കാടിനാല്‍ ചുറ്റപ്പെട്ട്, വള്ളിപ്പടര്‍പ്പുകളില്‍ കുരുങ്ങി വീണ്ടുമൊരു കാടൊരുക്കത്തിലാണ്. മുച്ചൂടും മൂടിയ കാടിനുള്ളില്‍ അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകള്‍, ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടങ്ങള്‍ ഇതൊക്കെയാണ് ഇപ്പോള്‍ ഇവിടൊരു ജനവാസമുണ്ടായിരുന്നതിന്‍റെ തെളിവായി അവശേഷിച്ചവ.
കൂടുതല്‍ വായനയ്ക്ക്: കാട് കയറുന്ന നാട്: 13 വര്‍ഷം; വന്യജീവി അക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 1,423 പേര്‍
