കണ്ണൂര്‍: മഴക്കാലമായാൽ വെള്ളത്തിനടിയിലാകുന്ന ഇരിട്ടി ഉളിക്കൽ പഞ്ചായത്തിലെ പാലങ്ങൾ നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പുഴവെള്ളം കയറിയ പാലത്തിലൂടെ പോയ ജീപ്പ് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. കൂടുതൽ ഉയരത്തിൽ പുതിയ പാലങ്ങൾ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മാട്ടറ മണിക്കടവ് ചപ്പാത്ത് പാലത്തിന് മുകളിലൂടെ കുത്തിയൊലിച്ചൊഴുകിയ വെള്ളത്തിലാണ് കഴിഞ്ഞദിവസം ജീപ്പ് ഒലിച്ചു പോയത്. ജീപ്പിലുണ്ടായിരുന്ന കോളിത്തട്ട സ്വദേശി ലതീഷിന്‍റെ  മൃതദേഹം കിട്ടിയത് മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ്. ചപ്പാത്ത് പാലത്തിന് പുറമേ പ്രദേശത്തെ വട്യാംതോട് പാലവും വൈത്തൂർ പാലവും അപകടാവസ്ഥയിലാണ്. ഒന്നിനും കൈവരിയില്ല. മഴ കനത്താൽ പാലത്തിന് മുകളിലൂടെയാണ് പുഴയൊഴുകുന്നത്. ഈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലെങ്കിലും അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.